chandra-babu-naidu-vs-mod

ഗുണ്ടൂർ: വാക്ശരങ്ങളാൽ പരസ്പരം പോരടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും. തെലുങ്കുദേസം പാർട്ടി ബി.ജെ.പി ബന്ധം ഉപേക്ഷിച്ച ശേഷം ആദ്യമായി ആന്ധ്രയിൽ എത്തിയ നരേന്ദ്രമോദി ചന്ദഗ്രബാബു നായിഡുവിനെതിരെ ആഞ്ഞടിച്ചിരുന്നു,​ ആന്ധ്രയിൽ വികസനം മറന്ന ചന്ദ്രബാബു നായിഡു സ്വന്തം കുടുംബത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു മോദിയുടെ ആരോപണം. ആന്ധ്രയിലെ ജനങ്ങൾക്ക് സൂര്യോദയം വാഗ്ദാനം ചെയ്ത ചന്ദ്രബാബു നായിഡു മകന്റെ രാഷ്ട്രീയ ഉദയത്തിനാണ് ശ്രമിക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു.

എന്നാൽ തന്റെ മകനെ ഇതിലേക്ക് വലിച്ചിഴച്ചാൽ മോദിയുടെ കുടുംബത്തെ കുറിച്ചും താൻ പറയുമെന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ മറുപടി. ‘നിങ്ങൾ ഭാര്യയെ ഉപേക്ഷിച്ച ആളല്ലെ. കുടുംബ ബന്ധത്തിൽ നിങ്ങൾക്ക് എന്തെങ്കിലും ബഹുമാനം ഉണ്ടോ. നിങ്ങൾ എന്റെ മകനെ കുറിച്ച് പറഞ്ഞത് കൊണ്ടാണ് നിങ്ങളുടെ ഭാര്യയെ കുറിച്ച് പറയുന്നത്. മോദിക്ക് ഒരു ഭാര്യ ഉണ്ടെന്ന് ജനങ്ങൾക്ക് അറിയാമോ? അവരുടെ പേര് യശോദാബെൻ എന്നാണ്,’ വിജയവാഡയിൽ ഒരു പൊതുപരിപാടിക്കിടെ ചന്ദ്രബാബു നായിഡു പറഞ്ഞു.

ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ വർഷമാണ് ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി എൻ.ഡി.എ വിട്ടത്. താൻ മോദിയേക്കാള്‍ സീനിയറാണെങ്കിലും മോഡിയുടെ ഈഗോ തൃപ്തിപ്പെടുത്താൻ അദ്ദേഹത്തെ സാർ എന്ന് വിളിക്കേണ്ടി വരുന്നുവെന്നും ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ചന്ദ്രബാബു നായിഡു തന്നെക്കാള്‍ സീനിയറാണെന്നാണി ഇതിന് മോദി തിരിച്ചടിച്ചത്. അതുശരിയാണ്, മറുകണ്ടം ചാടുന്നതിലും പുതിയ സഖ്യം രൂപീകരിക്കുന്നതിലും അദ്ദേഹത്തിന് തന്നെക്കാൾ പ്രവർത്തനപരിചയമുണ്ട്. സ്വന്തം ഭാര്യപിതാവിനെ പോലും പിന്നിൽ നിന്ന കുത്തിയ ആളാണ് ചന്ദ്രബാബു നായിഡുവെന്ന് മോദി പരിഹസിച്ചു.

ഗുണ്ടൂരിൽ കൃഷ്ണപട്ടണം ബി.പി.സി.എൽ കോസ്റ്റൽ ടെർമിനലിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി. ഗുണ്ടൂരിലെ ഗാനാവരം എയർപോർട്ടിൽ എത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എത്തിയിരുന്നില്ല. ഗവർണറും ചീഫ് സെക്രട്ടറിയും ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ബി.പി.എസി.എല്ലിന്റെ ചടങ്ങിൽ വച്ച് ആന്ധ്രയ്ക്കായി 9000 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഗുണ്ടൂർ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുപ്പൂരിലേക്ക് പോയി.