ന്യൂഡൽഹി: റാഫേൽ കരാറുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അന്നത്തെ ധനകാര്യ സെക്രട്ടറിയായ ഇപ്പോഴത്തെ സി.എ.ജി രാജീവ് മെഹർഷി ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് തയാറാക്കുന്നതിനെതിരെ കോൺഗ്രസ്. ആരോപണവിധേയൻ തന്നെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകരുതെന്ന് ആവശ്യപ്പെട്ട് സി.എ.ജിക്ക് രേഖാമൂലം കത്തു നൽകിയിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജീവ് മെഹർഷി മോദി സർക്കാരിനെ കുറ്റവിമുക്തമാക്കാൻ ശ്രമം നടത്തുന്നതായി വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
2015ൽ റാഫേൽ കരാറുമായി ബന്ധപ്പെട്ട ചർച്ചകളിൽ ധനസെക്രട്ടറിയെന്ന നിലയിൽ രാജീവ് സജീവ പങ്കാളിയായിരുന്നുവെന്ന് കപിൽ സിബൽ ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് 2014 ഒക്ടോബർ 24ന് കേന്ദ്ര ധനസെക്രട്ടറിയായി നിയമിതനായ രാജീവ് 2015 ഓഗസ്റ്റ് 30 വരെ ഇതേ പദവിയിൽ തുടര്‍ന്നു. 126ന് പകരം 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള പുതിയ കരാർ ഫ്രാൻസിൽ പോയി പ്രധാനമന്ത്രി നരേന്ദ്രമോദി ഒപ്പുവച്ചത് ഇതേ കാലത്താണെന്ന് കപിൽ സിബൽ വിശദീകരിച്ചു. കരാറിൽ പങ്കാളിത്തിമുള്ള ഒരാൾ തന്നെ അതേ കരാറിന്റെ ക്രമക്കേടുകളെക്കുറിച്ച് എങ്ങിനെയാണ് അന്വേഷിക്കുകയെന്ന് അദ്ദേഹം ചോദിച്ചു.
റാഫേൽ കരാറിനെക്കുറിച്ചുള്ള സി.എ.ജി റിപ്പോർട്ട് നാളെ രാഷ്ട്രപതിക്ക് സമർപ്പിക്കാനിരിക്കെയാണ് സി.എ.ജിക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയത്.