അബുദാബി: പ്രവാസികൾക്ക് ഇനി അഭിമാനിക്കാം, യു.എ.ഇ കോടതികളിൽ ഹിന്ദി ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു. പ്രവാസികളോടുള്ള അംഗീകാരമായിട്ടാണ് യു.എ.ഇയുടെ പുതിയ തീരുമാനം. ഇംഗ്ലീഷിനും അറബിക്കും പിന്നാലെ ഹിന്ദിയെ മൂന്നാം ഔദ്യോഗിക ഭാഷയായാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
യു.എ.ഇയിൽ ജനസംഖ്യയുടെ 30 ശതമാനത്തോളം ഇന്ത്യക്കാരാണ്. മാത്രമല്ല അവിടെ ഏറ്റവും അധികം വിദേശികൾ ഉള്ള രാജ്യവും ഇന്ത്യയാണ്. അതുകൊണ്ടാണ് ഹിന്ദി ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത്. തൊഴിൽ വ്യവഹാരങ്ങളിൽ നിയമപരമായി സുതാര്യത വരുത്താനാണ് ഹിന്ദി ഉൾപ്പെടുത്താനുള്ള നിർണായക തീരുമാനമെടുത്തതെന്ന് അബുദാബി നീതിന്യായ വിഭാഗം അറിയിച്ചു.
പരിഗണിക്കുന്ന കേസുകളിൽ ഇംഗ്ലീഷിനും അറബിക്കും പുറമെ ഹിന്ദിയിൽ നൽകുന്ന രേഖകളും മൊഴികളും പരിഗണിക്കും. മാത്രമല്ല ഇതിന്റെ രജിസ്ട്രേഷൻ സംബന്ധിച്ച നടപടിയെ കുറിച്ചുള്ള വിവരങ്ങളും ഹിന്ദിയിൽ അബുദാബി നീതിന്യായ വിഭാഗം വെബ്സൈറ്റിൽ ലഭ്യമാക്കും. ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്ക് ഗുണകരമാവുന്ന തീരുമാനമാണ് ഇതെന്ന് വിലയിരുത്തുന്നു.