sania-mirza

കായിക താരങ്ങളുടെ ബയോപിക്കുകൾ വൻ വിജയമാകുന്ന ചരിത്രമാണ് നമുക്ക് മുന്നിൽ ഉള്ളത്. നമ്മൾ ഇഷ്ടപ്പെടുന്ന കായിക താരങ്ങളുടെ ജീവിതം ബിഗ് സ്ക്രീനിൽ കാണുന്നത് ഏതൊരു ആരാധകനും സന്തോഷം നൽകുന്ന കാര്യമാണ്. അവരെ കുറിച്ചുള്ള തെറ്റായ കാര്യങ്ങൾ ചിത്രീകരിച്ചാൻ വിമ‍ർശനങ്ങൾ ഉയരുകയും ചെയ്യും. സൈന നേവാൾ,​ പി.ടി.ഉഷ, കപിൽദേവ്, സാനിയ മിർസ എന്നിവരുടെ ജീവിത കഥ പറയുന്ന ചിത്രങ്ങളാണ് ബോളിവുഡിൽ ഒരുങ്ങുന്നത്.

തന്റെ ബയോപിക്കിനെക്കുറിച്ചുള്ള ചോദ്യത്തിന് മുംബയ് മിററിന് നൽകിയ അഭിമുഖത്തില്‍ സാനിയ പറയുന്നതിങ്ങനെ. 'ബയോപിക്കിനെക്കുറിച്ച് ഒാർക്കുമ്പോൾ ആവേശമാണ്. ചിത്രം ലോകത്തിന് മുന്നിലെത്തുകയാണെന്ന് അറിയുമ്പോൾ ഒപ്പം ചെറിയൊരു ഉദ്വേഗവുണ്ട്. വയറ്റിൽ പെട്ടെന്ന് ഒരാളൽ അനുഭവപ്പെടും. ആത്മകഥ പുറത്തിറങ്ങുമ്പോഴും ഈ പേടി അനുഭവപ്പെട്ടിരുന്നു'.

ബയോപിക്കിൽ അഭിനയിക്കുന്ന താരങ്ങൾക്ക് മാത്രമല്ല അത് മറ്റൊരാളുടെ രൂപത്തിൽ കാണുമ്പോൾ കായികതാരങ്ങൾക്കുമുണ്ട് ചങ്കിടിപ്പ്. താര നിർണ്ണയം പൂർത്തിയായില്ലെങ്കിലും സ്വന്തം ബയോപിക്കിന്റെ കാര്യം വരുമ്പോൾ ഒരു പേടി വരാറുണ്ടെന്ന് സാനിയ മിർസ പറഞ്ഞു. റോണി സ്ക്രൂവ്വാല ഒരുക്കുന്ന ചിത്രത്തിന് സാനിയയുടെ സമ്മതം ലഭിച്ചിട്ടുണ്ട്.

പ്രസവ ശേഷം വിശ്രമത്തിലാണ് താരം. ഉടനെ തന്നെ ടെന്നിസ് കോർട്ടിലേക്ക് തിരിച്ചുവരാനുള്ള പ്രതീക്ഷയിലാണ്. ഇതിനുള്ള പരിശ്രമങ്ങളും സാനിയ മിർ‌സ തുടങ്ങിയിട്ടുണ്ട്.