തിയേറ്ററിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടി മുന്നേറുകയാണ് മമ്മൂട്ടി നായകനായ പേരൻപ് എന്ന ചിത്രം. അമുദനായി ജീവിച്ച മമ്മൂട്ടിക്കൊപ്പം മത്സരിച്ച് അഭിനയിച്ച സാധനയുടെ പാപ്പ എന്ന കഥാപാത്രവും പ്രേക്ഷകരുടെ കണ്ണീരിൽ കുതിർന്ന കൈയടികൾ ഏറ്റുവാങ്ങി. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച കൗമാരക്കാരിയായി അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു സാധനയുടേത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ വീട്ടിലെത്തി അദ്ദേഹത്തെയും ദുൽഖറിനെയും കണ്ടതിന്റെ സന്തോഷം പങ്കുവെക്കുകയാണ് സാധനയും കുടുംബവും. സാധനയുടെ അച്ഛൻ ശങ്കരനാരായണൻ വെങ്കിടേഷാണ് ഫേസ്ബുക്കിലൂടെ മമ്മൂട്ടിയുടെ വീട്ടിലെത്തിയതിനെക്കുറിച്ചും മമ്മൂട്ടിക്കും ദുൽഖറിനുമൊപ്പം ചെലവഴിച്ച നിമിഷങ്ങളെക്കുറിച്ചും അനുഭവം പങ്കിട്ടിരിക്കുന്നത്.
‘ഒരു യഥാർത്ഥ മനുഷ്യനാണ് മമ്മൂക്ക. ഈ കുറിപ്പ് അദ്ദേഹത്തിനുള്ള നന്ദിയാണ്. ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചതിനും ദുൽഖർ സൽമാനുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയതിനും. ഒരുപാട് കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചിരുന്നു. എല്ലാവരും ചേർന്ന് ഒരു വലിയ കുടുംബമായിരിക്കുന്നതായി തോന്നി തിരികെ പോരുമ്പോൾ. ഇതാണ് പേരൻപിന്റെ പേരിൽ ഞങ്ങൾക്ക് ലഭിക്കുന്ന ആദ്യത്തെ അവാർഡെന്ന് തോന്നുന്നു. ഈ ദിവസം വർഷങ്ങളോളം ഞങ്ങൾ ഓർത്തുവെക്കും.’ അദ്ദേഹം കുറിച്ചു.