കൊച്ചി: ചെലവ് കുറഞ്ഞതും കൂടുതൽ സുരക്ഷിതവുമായ പാചകവാതകം പൈപ്പുകളിലൂടെ വീടുകളിലേക്ക് എത്തിക്കുന്ന സിറ്രി ഗ്യാസ് പദ്ധതിയുടെ ലൈസൻസ് വിതരണത്തിനുള്ള പത്താംഘട്ടത്തിന് തുടക്കമായി. കേരളം ഉൾപ്പെടെ 14 സംസ്ഥാനങ്ങളിലെ 50 പ്രദേശങ്ങളിലേക്കുള്ള ലൈസൻസ് വിതരണത്തിനുള്ള ടെൻഡറുകളാണ് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് (പി.എൻ.ജി.ആർ.ബി) ക്ഷണിച്ചത്. വാഹനങ്ങൾക്ക് സി.എൻ.ജി വിതരണവും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.
പത്താംഘട്ടത്തിൽ കേരളത്തിൽ നിന്ന് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളാണ് ഉൾപ്പെടുന്നത്. പത്തു കമ്പനികൾ കേരളത്തിൽ താത്പര്യമറിയിച്ച് രംഗത്തെത്തി. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും അദാനി ഗ്രൂപ്പും ചേർന്നുള്ള പൊതു-സ്വകാര്യ സംരംഭമായ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്ര് ലിമിറ്റഡ്, പെട്രോനെറ്ര് എൽ.എൻ.ജി ലിമിറ്റഡ്, ടൊറന്റ് ഗ്യാസ്, ഭാരത് ഗ്യാസ് റിസോഴ്സസ്, മഹാനഗർ ഗ്യാസ്, ഇന്ദ്രപ്രസ്ഥ ഗ്യാസ്, യൂണിസൺ എൻവിറോ, എ.ജി ആൻഡ് പി എൽ.എൻ.ജി മാർക്കറ്രിംഗിന്റെ കൺസോർഷ്യം, ഷോലഗ്യാസ്കോ, തിംഗ് ഗ്യാസ് ഇൻവെസ്റ്ര്മെന്റ്സിന്റെ കൺസോർഷ്യം എന്നിവയാണവ.
പത്താംഘട്ടത്തിൽ ഏറ്റവും കൂടുതൽ കമ്പനികൾ താത്പര്യമറിയിച്ച പ്രദേശങ്ങളിലൊന്നാണ് കേരളം. ഈ വർഷം അവസാനത്തോടെ യോഗ്യരായ കമ്പനികൾക്ക് പെർമിറ്ര് നൽകും. പത്താംഘട്ടം പൂർണമാകുന്നതോടെ ഇന്ത്യയുടെ 70 ശതമാനം പ്രദേശങ്ങളും കേരളത്തിന്റെ 76 ശതമാനം പ്രദേശങ്ങളും സിറ്രി ഗ്യാസ് പദ്ധതിയുടെ കീഴിലാകും. നിലവിൽ ഇന്ത്യയുടെ ഊർജവിതരണ രംഗത്ത് 6.2 ശതമാനം മാത്രമാണ് പ്രകൃതിവാതകത്തിന്റെ പങ്ക്. ഏതാനും വർഷത്തിനകം ഇത് 15 ശതമാനത്തിലെത്തിക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.
10-ാം ഘട്ടത്തിലെ കേരളം
ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളാണ് സിറ്രി ഗ്യാസ് പദ്ധതിയുടെ പത്താംഘട്ടത്തിൽ കേരളത്തിൽ നിന്നുള്ളത്.
ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ സിറ്രി ഗ്യാസ് വിതരണാവകാശത്തിനായി അപേക്ഷിച്ചവരിൽ ഇന്ത്യൻ ഓയിലും പെട്രോനെറ്റും ഉൾപ്പെടെ 10 കമ്പനികൾ
രാജ്യത്തെ അമ്പത് പ്രദേശങ്ങളാണ് പത്താംഘട്ടത്തിലുള്ളത്. മൊത്തം 225ഓളം ടെൻഡറുകളാണ് പത്താംഘട്ടത്തിൽ പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിന് ലഭിച്ചിരിക്കുന്നത്
പത്താംഘട്ട പദ്ധതിയിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനായി 50,000 കോടി രൂപയുടെ നിക്ഷേപമാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.