ന്യൂഡൽഹി: സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരഭകർക്ക് (എം.എസ്.എം.ഇ) നാൽകിയ ബാങ്ക് വായ്പകൾ പുനഃക്രമീകരിക്കാൻ അവസരം നൽകുന്ന റിസർവ് ബാങ്കിന്റെ പാക്കേജിന്റെ ഗുണം ഏഴ് ലക്ഷത്തോളം സംരംഭകർക്ക് ലഭിക്കുമെന്ന് കേന്ദ്ര ധനകാര്യ സേവന സെക്രട്ടറി രാജീവ് കുമാർ പറഞ്ഞു. മൊത്തം ഒരുലക്ഷം കോടി രൂപയുടെ വായ്പകളാണ് പുനഃക്രമീകരിക്കാനാവുക. ഇതിന്, 2020 മാർച്ചുവരെ സമയമുണ്ട്.
എം.എസ്.എം.ഇ വായ്പാ പുനഃക്രമീകരണം വ്യവസായ-വാണിജ്യ മേഖലയുടെ സമ്പദ്സ്ഥിതി സുരക്ഷിതമാക്കുമെന്നും വിപണിയിൽ ഉണർവുണ്ടാകുമെന്നും രാജീവ് കുമാർ പറഞ്ഞു. വായ്പാ പുനഃക്രമീകരണമെന്ന് കേന്ദ്രസർക്കാരിന്റെ ദീർഘകാലമായുള്ള ആവശ്യമാണ്. ഡോ. ഉർജിത് പട്ടേൽ ഗവർണറായിരിക്കേ, ഈ ആവശ്യത്തോട് കടുത്ത എതിർപ്പ് റിസർവ് ബാങ്ക് പ്രകടിപ്പിച്ചിരുന്നു. ബാങ്കുകളിൽ കിട്ടാക്കടം കൂടുമെന്ന് വിലയിരുത്തിയായിരുന്നു ഇത്. നവംബറിൽ ചേർന്ന റിസർവ് ബാങ്കിന്റെ ഡയറക്ടർ ബോർഡ് പദ്ധതി നടപ്പാക്കണമെന്ന് നിർദേശിച്ചിരുന്നു.
ഉർജിത് പട്ടേൽ രാജിവയ്ക്കുകയും പകരം ശക്തികാന്ത ദാസ് ചുമതലയേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് റിസർവ് ബാങ്ക് വായ്പാ പുനഃക്രമീകരണ പദ്ധതി കഴിഞ്ഞമാസം പ്രഖ്യാപിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കേ, പദ്ധതി കേന്ദ്രസർക്കാരിനും നേട്ടമാകും. വായ്പകൾ കിട്ടാക്കടത്തിന്റെ ഗണത്തിൽപ്പെടുത്താതെ, തിരിച്ചടവ് കാലാവധിയും പലിശയും പുനഃക്രമീകരിക്കാൻ അവസരം നൽകുന്ന പദ്ധതിയാണിത്. 25 ലക്ഷം രൂപവരെയുള്ള വായ്പകളാണ് പുനഃക്രമീകരിക്കാനാവുക.