ന്യൂഡൽഹി: എല്ലാവർക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആവിഷ്കരിച്ച പ്രധാനമന്ത്രി ജൻധൻ യോജനയിലെ അക്കൗണ്ടുടമകളുടെ മൊത്തം നിക്ഷേപം 90,000 കോടി രൂപയിലേക്ക് കടക്കുന്നു. ജനുവരി 30ലെ ധനമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 89,257.57 കോടി രൂപയാണ് ജൻധൻ അക്കൗണ്ടുകളിലുള്ളത്. ജനുവരി 23ന് നിക്ഷേപം 88,566.92കോടി രൂപയായിരുന്നു.
രാജ്യത്തെ ഏല്ലാവർക്കും ബാങ്കിംഗ് ഇടപാടുകൾ ഉറപ്പാക്കാനുള്ള സാമ്പത്തിക ഉൾപ്പെടുത്തൽ (ഫിനാൻഷ്യൽ ഇൻക്ളൂഷൻ) കാമ്പയിന്റെ ഭാഗമായി 2014 ആഗസ്റ്ര് 28നാണ് നരേന്ദ്ര മോദി സർക്കാർ ജൻധൻ യോജന ആരംഭിച്ചത്. പദ്ധതിക്ക് മികച്ച പ്രതികരണം ലഭിച്ചതോടെ, ജൻധൻ അക്കൗണ്ട് ഉടമകൾക്ക് നൽകിയിരുന്ന ഒരുലക്ഷം രൂപയുടെ ആക്സിഡന്റ് ഇൻഷ്വറൻസ് സഹായത്തിന്റെ പരിധി സർക്കാർ രണ്ടുലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.
ജൻധൻ യോജനയുടെ ആദ്യലക്ഷ്യം ഓരോ കുടുംബത്തിനും ഒരു ബാങ്ക് അക്കൗണ്ട് എന്നതായിരുന്നു. പിന്നീട് ലക്ഷ്യം, പ്രായപൂർത്തിയായ എല്ലാവർക്കും ബാങ്ക് അക്കൗണ്ട് എന്നാക്കി. നിലവിൽ 34.14 കോടിപ്പേരാണ് ജൻധൻ അക്കൗണ്ട് ഉടമകൾ. 2,615 കോടി രൂപയാണ് ജൻധൻ അക്കൗണ്ടുകളിലെ ശരാശരി നിക്ഷേപം. 2015 മാർച്ചിൽ ഇത് 1,065 കോടി രൂപയായിരുന്നു.
രാജ്യത്ത് 34.14 കോടി ജൻധൻ അക്കൗണ്ടുടമകളുണ്ട്. ഇതിൽ 53 ശതമാനവും സ്ത്രീകളാണ്. അക്കൗണ്ടുടമകളിൽ 59 ശതമാനവും ഗ്രാമീണ മേഖലകളിലുള്ളവരാണ്.