മാസങ്ങൾക്ക് മുൻപുണ്ടായ പ്രളയത്തിൽ പകച്ച് നിന്ന കേരളത്തിന്റെ അവസ്ഥ പുറം ലോകത്തെ അറിയിച്ച ഒരു വീഡിയോ ഓർമ്മയുണ്ടോ? കുത്തിയൊലിച്ചെത്തിയ വെള്ളത്തിന്റെ പ്രഹരത്താൽ നെടുകെ പിളർന്ന് രണ്ടായ റോഡിന്റെ വീഡിയോ അന്ന് വൈറലായി മാറിയിരുന്നു. ഈ വീഡിയോ ലോകത്തിലെ വിവിധ മാദ്ധ്യമങ്ങൾ കേരളത്തിലെ പ്രളയ തീവ്രത കാണിക്കുന്നതിനായി ഉപയോഗിക്കുകയും ചെയ്തിരുന്നു. മലപ്പുറം ജില്ലയിലെ വണ്ടൂർ നടുവത്ത് വടക്കും പാടം റോഡായിരുന്നു ഗതാഗതസൗകര്യം തന്നെ ഇല്ലാതാക്കി തകർന്നു വീണത്. റോഡ് തകർന്നു വീണതിനു പിന്നാലെ സൈന്യത്തിന്റെ സഹായത്തോടെ താത്ക്കാലികമായി നടപ്പാലം ഒരുക്കിയിരുന്നു.
എന്നാൽ ഒരിക്കൽ പ്രളയത്തിന്റെ തീവ്രത കാണിക്കാനുപയോഗിച്ച അതേ റോഡിന്റെ ചിത്രം വീണ്ടും പുറത്ത് വന്നിരിക്കുകയാണ് . ഇന്ന് ആ റോഡ് ഇന്ന് പൂർണ്ണമായും ഗതാഗയോഗ്യമായിരിക്കുന്നു. 25 ലക്ഷം രൂപ ചെലവഴിച്ചാണ് യുദ്ധകാല അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡ് പുനർനിർമ്മിച്ചത്. ഈ റോഡ് മാത്രമല്ല പ്രളയകാലത്ത് തകർന്ന റോഡുകളുടെയും പാലത്തിന്റേയും പുനർനിർമ്മാണ പ്രവർത്തനങ്ങൾ സംസ്ഥാനത്തെമ്പാടും ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുന്നു. ഇത് വരെ 4,429 കിലോ മീറ്റർ റോഡിന്റെ അറ്റകുറ്റപ്പണി പൊതുമരാമത്ത് വകുപ്പ് പൂർത്തീകരിച്ചുവെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.