narendra-modi

തിരുപ്പൂർ: ബി.ജെ.പിക്കെതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നവരെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഞായറാഴ്ച തമിഴ്നാട്ടിലെ തിരുപ്പൂരിൽ നടന്ന ബി.ജെ.പി റാലിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. കോൺഗ്രസിനെയും, ഡി.എം.കെയെയും ശക്തമായ ഭാഷയിൽ അദ്ദേഹം വിമർശിക്കുകയും ചെയ്തു.

ഡി.എം.കെയും മറ്റ‌് രാഷ്ട്രീയ പാർട്ടികളും ചേർന്ന് ബി.ജെ.പിക്കെതിരെ സഖ്യം രൂപീകരിക്കുന്നതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. എന്നാൽ വിമർശനങ്ങളിൽ നിന്ന് എ.ഐ.ഡി.എം.കെയെ ഒഴിവാക്കിയിരുന്നു. 'അവർ പറയുന്നു മോദിയും,​ ബി.ജെ.പി ഗവർൺമെന്റും പരാജയമാണെന്ന്. ഞാൻ പരാജയമാണെങ്കിൽ അവർ എന്തിനാണ് എനിക്കെതിരെ ഒന്നിക്കുന്നത്' മോദി ചോദിച്ചു.

നിരവധി സമ്പന്നർ അവരുടെ നിലനില്പിനായാണ് 'മഹാ മിലാവത്' എന്ന പേരിൽ ഒരു പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതെന്ന് മോദി പരിഹസിച്ചു. കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ രൂപീകരിച്ച ഈ മുന്നണിയുടെ അജൻഡ എന്താണ്, ഇതു പണക്കാരുടെ കൂട്ടുകെട്ടാണ്. കുടുംബാധിപത്യമാണ് ഇവരുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏതു ചോദ്യത്തിനും മോദി എന്നു മാത്രമാണ് അവരുടെ ഉത്തരം. ഇത് തമിഴ്നാട്ടിലെയും ഇന്ത്യയിലെയും ജനങ്ങൾ തള്ളിക്കളയുമെന്നും മോദി കൂട്ടിച്ചേർത്തു.

തിരുപ്പൂരിനടുത്തുള്ള പെരുമല്ലൂരിൽ നടന്ന ബി.ജെ.പി മഹാറാലിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിന് ശേഷം കോയമ്പത്തൂർ വിമാനത്താവളത്തിൽ വച്ച് മോദിയും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും പുതിയ സഖ്യം രൂപീകരിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളും നടത്തിയിരുന്നു.