ദേവികുളം: പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പഴയ മൂന്നാറിൽ മുതിരപ്പുഴയാറിനോട് ചേർന്ന സ്ഥലത്ത് വനിതാ വ്യവസായ കേന്ദ്രത്തിന്റെ നിർമ്മാണം അനധികൃതമാണെന്ന് ചൂണ്ടിക്കാണിച്ചുള്ള സബ്കളക്ടർ രേണുരാജിന്റെ റിപ്പോർട്ട് അഡ്വക്കറ്റ് ജനറലിന് കൈമാറി. അനധികൃത നിർമ്മാണം എം.എൽ.എ എസ് രാജേന്ദ്രന്റെ സാന്നിദ്ധ്യത്തിലാണെന്നും സബ്കളക്ടറുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. റവന്യൂ ഉദ്യോഗസ്ഥരുടെ നടപടി എം.എൽ.എ തടസപ്പെടുത്തിയെങ്കിലും വ്യക്തിപരമായ അധിക്ഷേപത്തെ കുറിച്ച് റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല.
അധികൃതർ സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും പഞ്ചായത്ത് അനധികൃത നിർമാണം തുടർന്നു. 2010ലെ കോടതി വിധിയുടെ ലംഘനമാണിതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് തന്നെ ഇതൊരു കോടതിയലക്ഷ്യ നടപടിയായി കാണണം. റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ 2010ലെ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള ജില്ലാ കളക്ടറുടെ എൻ.ഒ .സി ഇല്ലാതെയാണ് നിർമ്മാണം നടത്തുന്നതെന്ന് കണ്ടെത്തിയിരുന്നു.അതേസമയം പഞ്ചായത്തിന്റെ ഭൂമിയിൽ നിർമ്മാണം നടത്തുന്നതിന് റവന്യൂ വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്നായിരുന്നു എം.എൽ.എയുടെ നിലപാട്.
അതേസമയം, സബ് കളക്ടറോട് മോശമായി സംസാരിച്ചെന്ന ആരോപണത്തിൽ എം.എൽ.എയോട് വിശദീകരണം തേടുമെന്നും മറുപടി ലഭിച്ച ശേഷം തുടർനടപടി ആലോചിക്കുമെന്നും സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ കേരളകൗമുദിയോട് പറഞ്ഞു. ഞായറാഴ്ചയായിട്ടും സബ്കളക്ടർ ഇന്നലെ മൂന്നാറിൽ പരിശോധന നടത്തിയെന്നും അത് അമിതാവേശമാണെന്നും ഇരിക്കുന്ന പദവിയുടെ ദുർവിനിയോഗമാണെന്നും എസ്. രാജേന്ദ്രൻ ആരോപിച്ചിരുന്നു.