ബംഗാളിൽ വരുന്ന തിരഞ്ഞെടുപ്പിൽ പരസ്പരം സഹകരിക്കാൻ സി.പി.എം. കോൺഗ്രസ് പാർട്ടികൾ തത്വത്തിൽ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കേരളത്തിലും സഹകരണമാവാമെന്ന തലത്തിൽ പുതിയ ചർച്ചയ്ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. എന്നാൽ ഇത്തരത്തിലുള്ള ചർച്ചകൾ ഉയർന്ന് വരുന്നതിന് കാരണം കേരളത്തിൽ ബി.ജെ.പിയുടെ ശക്തി വർദ്ധിക്കുന്നത് കൊണ്ടാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ. കേരളത്തിൽ പാർട്ടികൾ നടത്തിയ ആഭ്യന്തര സർവേകളിൽ ബി.ജെ.പിയുടെ മുന്നേറ്റം പ്രകടമായി കണ്ടെന്നും എന്നാൽ ബംഗാളിലെ പോലെ പരസ്യ ബാന്ധവം ഇവിടെ ഇപ്പോൾ സംഭവിക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. ബി.ജെ.പിക്ക് വിജയ സാദ്ധ്യതയുള്ള മണ്ഡലങ്ങളിൽ വോട്ട് കൈമാറ്റമാണ് ഇരുപാർട്ടികളും ഇപ്പോൾ ലക്ഷ്യമിടുന്നതെന്നും കഴിഞ്ഞ തവണ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലും മഞ്ചേശ്വരം, വട്ടിയൂർകാവ് നിയമസഭാമണ്ഡലങ്ങളിലും ഇതാണ് സംഭവിച്ചതെന്നും അദ്ദേഹം കുറിക്കുന്നു.
താമസിയാതെ ബംഗാളിലെപ്പോലെ അരിവാൾ കൈപ്പത്തി ഇവിടെയും കാണാനുള്ള അവസരം ജനങ്ങൾക്കുണ്ടാവുമെന്ന് അഭിപ്രായപ്പെടുന്ന കെ.സുരേന്ദ്രൻ നിൽക്കക്കള്ളിയില്ലാതാവുന്നവരുടെ അവസാനത്തെ പരാക്രമമാണ് ഇനി കാണാനിരിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇന്നലെ പിണറായി വിജയനും ഇന്ന് മുല്ലപ്പള്ളിയും പറഞ്ഞ കോൺഗ്രസ്സ് സി. പി. എം സഹകരണം കേരളത്തിൽ ഈ തെരഞ്ഞെടുപ്പോടെ യാഥാർത്ഥ്യമാവുക തന്നെ ചെയ്യും. രണ്ടുപാർട്ടികളും നടത്തിയ ആഭ്യന്തര സർവ്വേകളിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി. ജെ. പി നല്ല മുന്നേറ്റം നടത്തുമെന്ന് കണ്ടിരിക്കുന്നു. ബംഗാളിലെപ്പോലെ ഒരു പരസ്യബാന്ധവം ഈ തെരഞ്ഞെടുപ്പിൽ ഇക്കുറി കേരളത്തിലുണ്ടാവില്ല. അതിനുപകരം ബി. ജെ. പിക്കു വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പരസ്പരം വോട്ടുകൈമാറ്റമാണ് ഇരുവരുടേയും മനസ്സിൽ. കഴിഞ്ഞ തവണ തിരുവനന്തപുരം പാർലമെന്റുമണ്ഡലത്തിലും മഞ്ചേശ്വരം, വട്ടിയൂർകാവ് നിയമസഭാമണ്ഡലങ്ങളിലും പരീക്ഷിച്ച അടവുനയം കുറെക്കൂടി വ്യാപകമാക്കാനാണ് ഇത്തവണ ശ്രമിക്കുക. ഏതായാലും ഇരുവരും നേരത്തെ പറഞ്ഞത് നന്നായി. ജനങ്ങൾക്ക് കരുലോടെ ചിന്തിച്ച് വോട്ടുചെയ്യാൻ അത് സഹായകരമാവും. താമസിയാതെ ബംഗാളിലെപ്പോലെ അരിവാൾ കൈപ്പത്തി ഇവിടെയും കാണാനുള്ള അവസരം ജനങ്ങൾക്കുണ്ടാവും. നിൽക്കക്കള്ളിയില്ലാതാവുന്നവരുടെ അവസാനത്തെ പരാക്രമമാണ് ഇനി കാണാനിരിക്കുന്നത്.