sachin-pilot

ജയ്പൂർ: മധ്യപ്രദേശ് സർക്കാരിന്റെ പശു സ്നേഹത്തെ വിമർശിച്ച് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് രംഗത്തെത്തി. മധ്യപ്രദേശിൽ പശുക്കളുടെ വിഷയത്തേക്കാൾ കൂടുതൽ പ്രധാനപ്പെട്ട പ്രശ്നങ്ങൾ നടക്കുന്നുണ്ട് സർക്കാർ അതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. ഗോവധത്തിനെതിരെ കുറ്റം ചുമത്തുന്നതിനേക്കാൾ ബലാത്സംഗം ചെയ്യുന്നവർക്കെതിരെയും കർശനമായ നടപടികളാണ് കൊണ്ടു വരേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

'മൃഗങ്ങളെ സംരക്ഷിക്കുന്നത് നല്ല കാര്യം തന്നെയാണ്, ഞാൻ അതിൽ വിശ്വസിക്കുന്നുമുണ്ട്. എന്നാൽ മുൻതൂക്കം നൽകേണ്ട വിഷയങ്ങൾ ഇവിടെ വേറെയുണ്ട്,​ അവയ്ക്ക് പശു സംരക്ഷണത്തേക്കാൾ പ്രാധാന്യം നൽകണമെന്നുമാണ് കരുതുന്നതെന്ന്' സച്ചിൻ പൈലറ്റ് പറഞ്ഞു. 'ബലാത്സംഗം ചെയ്യുന്നവർക്കെതിരെയും മനുഷ്യത്വ രഹിത പ്രവർത്തികൾ നടത്തുന്നവർക്കെതിരെയും ശക്തമായ നിയമങ്ങൾ കൊണ്ടു വരണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന്' അദ്ദേഹം വ്യക്തമാക്കി.

രാജസ്ഥാന്റെ കാര്യത്തിൽ ഇത് തന്നെയാണ് തീരുമാനം എന്നാൽ മധ്യപ്രദേശിൽ കാര്യങ്ങൾ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി കമൽനാഥാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മധ്യപ്രദേശിൽ ഒരാഴ്ചക്കിടെ പശു സംരക്ഷണത്തിന്റെ പേരിൽ അഞ്ചു പേർക്കെതിരെയാണ് ദേശീയ സുരക്ഷാ നിയമം ചുമത്തി പൊലീസ് കേസെടുത്തത്.