തിരുവനന്തപുരം: മൂന്നാറിലെ അനധികൃത നിർമ്മാണം തടഞ്ഞ ദേവികുളം സബ്കളക്ടർ രേണുരാജിന്റെ നടപടിയിൽ രാഷ്ട്രീയം കാണേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. നിയമലംഘനം നടന്നാൽ അക്കാര്യം കോടതിയെ അറിയിക്കുന്നത് ഉദ്യോഗസ്ഥരുടെ ജോലിയാണെന്നും നിയമാനുസൃതം ജോലിചെയ്ത ഉദ്യോഗസ്ഥരെ സംരക്ഷിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്നും കാനം രാജേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രന്റെ പരാമർശം ഉചിതമായില്ലെന്ന് അദ്ദേഹത്തിന്റെ പാർട്ടി തന്നെ പറഞ്ഞിട്ടുണ്ട്. നിയമം നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകുമെന്നും പറഞ്ഞിട്ടുണ്ട്. ഇതിനിപ്പുറം വേറൊരു പ്രതികരണത്തിന്റെ ആവശ്യമില്ല. കോടതി ഉത്തരവ് നടപ്പിലാക്കുന്നതിൽ ആരെങ്കിലും തടസം നിന്നാൽ അത് കോടതിയെ അറിയിക്കാനുള്ള ബാദ്ധ്യത ഉദ്യോഗസ്ഥയ്ക്കുണ്ട്. അവർ എത് ചെയ്യുന്നതിൽ വേറെ രാഷ്ട്രീയം ഒന്നും കാണേണ്ട- കാനം പറഞ്ഞു.
അതേസമയം, പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പഴയ മൂന്നാറിൽ മുതിരപ്പുഴയാറിനോട് ചേർന്ന സ്ഥലത്ത് വനിതാ വ്യവസായ കേന്ദ്രത്തിന്റെ നിർമ്മാണം അനധികൃതമാണെന്ന് ചൂണ്ടിക്കാണിച്ചുള്ള സബ്കളക്ടർ രേണുരാജിന്റെ റിപ്പോർട്ട് അഡ്വക്കറ്റ് ജനറലിന് കൈമാറി. അനധികൃത നിർമ്മാണം എം.എൽ.എ എസ് രാജേന്ദ്രന്റെ സാന്നിദ്ധ്യത്തിലാണെന്നും സബ്കളക്ടറുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. റവന്യൂ ഉദ്യോഗസ്ഥരുടെ നടപടി എം.എൽ.എ തടസപ്പെടുത്തിയെങ്കിലും വ്യക്തിപരമായ അധിക്ഷേപത്തെ കുറിച്ച് റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല.