ന്യൂഡൽഹി: തെലങ്കാന രൂപീകരിച്ചപ്പോൾ ആന്ധ്രാപ്രദേശിന് കേന്ദ്രം നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് കാണിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിരാഹാര സമരം തുടങ്ങി. ന്യൂഡൽഹിയിൽ ഒരു ദിവസത്തെ നിരാഹാര സമരമാണ് നടക്കുന്നത്. സമരപന്തലിൽ വച്ച് പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് ചന്ദ്രബാബു നായിഡു. ഗുജറാത്ത് കലാപകാലത്തേത് പോലെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി ആന്ധ്രയുടെ കാര്യത്തിലും രാജ്യധർമ്മം പാലിക്കുന്നില്ലെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ വിമർശനം.
'ഗുജറാത്ത് കലാപകാലത്ത് മോദി രാജ്യധർമ്മം പാലിച്ചില്ലെന്ന് മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയ് പറഞ്ഞിരുന്നു. അത് പോലെ തന്നെയാണ് ആന്ധ്രാപ്രദേശിന്റെ കാര്യത്തിലും മോദി പ്രവർത്തിക്കുന്നത്. നമുക്ക് ആവകാശപ്പെട്ടതെല്ലാം നിഷേധിക്കപ്പെടുകയാണ്. അവകാശങ്ങൾ നേടിയെടുക്കാൻ അറിയാമെന്നും' ചന്ദ്രബാബു നായിഡു പറഞ്ഞു. സമരപന്തലിൽ വച്ചാണ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തിയിരുന്നു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ആന്ധ്രാപ്രദേശിൽ നടത്തിയ റാലിക്കിടെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ വിമർശിച്ചിരുന്നു. ചന്ദ്രബാബു നായിഡു പൊതുഖജനാവിലെ പണം കട്ടുമുടിക്കുകയാണ്. രാഷ്ട്രീയ പ്രചാരണത്തിനായി പണം ധൂർത്തടിക്കുകയാണെന്നും മോദി വിമർശിച്ചിരുന്നു. മാത്രമല്ല ചന്ദ്രബാബു നായിഡുവിന്റെ ഡൽഹി സന്ദർശനത്തെ മോദി പരിഹസിക്കുകയും ചെയ്തിരുന്നു.