ന്യൂഡൽഹി : ഏറെ നാളായി ഇന്ത്യൻ വ്യോമസേന സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച ചിനൂക്ക് ഹെലികോപ്റ്ററിന്റെ ആദ്യബാച്ച് രാജ്യത്തെത്തി. അമേരിക്കൻ കമ്പനിയായ ബോയിംഗിൽ നിന്നുമാണ് ഇന്ത്യ ചിനൂക്കിനെ സ്വന്തമാക്കുന്നത്. കമ്പനിയുമായി നേരിട്ട് നടത്തിയ ചർച്ചയിൽ സി.എച്ച്.47എഫ്. (1) വിഭാഗത്തിൽപ്പെട്ട പതിനഞ്ച് ഹെലികോപ്ടറുകൾ വാങ്ങുവാനാണ് 2015ൽ ബോയിംഗ് കമ്പനിയുമായി ഇന്ത്യ കരാർ ഒപ്പിട്ടിരുന്നത്. ഇതിൽ ആദ്യ ബാച്ചിനെയാണ് ഇപ്പോൾ കൈമാറിയിരിക്കുന്നത്. കപ്പൽമാർഗം ഗുജറാത്തിലെ മുന്ഡ്ര തുറമുഖത്തെത്തിച്ച ഹെലികോപ്റ്ററുകൾ ഉടൻ ചണ്ഡിഗഢിലേക്ക് കൊണ്ടുപോകും. ഇവിടെ ഒരു വർഷത്തോളം നീളുന്ന പരീക്ഷണ പറക്കലുകൾക്ക് ശേഷമാവും സേനയുടെ ഭാഗമാവുന്നത്. ഹെലികോപ്റ്ററുകൾ പറത്താനുള്ള പരിശീലനമടക്കമുള്ള കാര്യങ്ങൾ ഇന്ത്യൻ വൈമാനികർക്ക് അമേരിക്കയിൽ വച്ച് ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്.
ടാങ്കുകളടക്കം 12 ടൺവരെ ഭാരമുള്ള യുദ്ധസാമഗ്രികളുമായി പറക്കാനുള്ള ശേഷിയുള്ളതാണ് ചിനൂക്ക് ഹെലികോപ്ടറുകൾ. യുദ്ധമുഖത്ത് സൈനികരെയും ടാങ്കുകളെയും എളുപ്പത്തിൽ വിന്യസിക്കുവാൻ ഇതിലൂടെയാവും. കൂടാതെ സിയാച്ചിനടക്കമുള്ള ഉയർന്ന പ്രദേശങ്ങളിൽ ചരക്കെത്തിക്കുവാനും ചിനൂക്കിനാവും. ഇത് കൂടാതെ പ്രളയമടക്കമുള്ള പ്രദേശങ്ങളിൽ നിന്നും കൂടുതൽ പേരെ ഒഴിപ്പിച്ച് രക്ഷാദൗത്യം എളുപ്പമാക്കാനും ചിനൂക് സഹായിക്കും.
'CH-47F Chinook' heavylift helicopter arrived at the Mundra port in #Gujarat pic.twitter.com/NaX2y3t8q2
— Gujarat Information (@InfoGujarat) February 10, 2019