തിരുവനന്തപുരം: ദേവികുളം സബ്കളക്ടറെ അധിക്ഷേപിച്ച സി.പി.എം എം.എൽ.എ എസ്. രാജേന്ദ്രനെതിരെ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും സ്വാഭാവിക നടപടികളിലേക്ക് കടക്കുമെന്നും വനിതാ കമ്മിഷൻ അറിയിച്ചു.
ദേവികുളം സബ്കളക്‌ടർ രേണു രാജിനെ അവഹേളിച്ച സംഭവത്തിൽ, സ്വന്തം പാർട്ടിക്ക് പുറമേ സി.പി.ഐ കൂടി രംഗത്തെത്തിയതോടെ സമ്മർദ്ദത്തിലായ എസ്. രാജേന്ദ്രൻ ഖേദം പ്രകടിപ്പിച്ചിരുന്നു. സബ് കളക്‌ടർ പ്രവർത്തിച്ചത് നിയമപരമായാണെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ പ്രതികരണവും വനിതാ സബ് കളക്‌ടറെക്കുറിച്ച് മോശം പരാമർശം നടത്തിയ രാജേന്ദ്രനോട് വിശദീകരണം തേടുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കൂടി പറഞ്ഞതോടെ എം.എൽ.എ ഒറ്റപ്പെടുകയായിരുന്നു.
തന്റെ പരാമർശം സ്ത്രീസമൂഹത്തിന് വേദനയുണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് ഇന്നലെ എസ്. രാജേന്ദ്രൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞത്. എന്നാൽ, മൂന്നാറിലെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് തന്റെ നിലപാടുകളിൽ മാറ്റമില്ലെന്നും നിർമ്മാണം തടയാൻ ഉദ്യോഗസ്ഥരെത്തിയാൽ ഇനിയും എതിർക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനിടെ വനിതാ വ്യവസായ കേന്ദ്രത്തിന്റെ നിർമ്മാണം അനധികൃതമാണെന്ന് ചൂണ്ടിക്കാണിച്ചുള്ള സബ്കളക്ടർ രേണുരാജിന്റെ റിപ്പോർട്ട് അഡ്വക്കേറ്റ് ജനറലിന് കൈമാറി. അനധികൃത നിർമ്മാണം എം.എൽ.എ എസ് രാജേന്ദ്രന്റെ സാന്നിദ്ധ്യത്തിലാണെന്നും സബ്കളക്ടറുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. റവന്യൂ ഉദ്യോഗസ്ഥരുടെ നടപടി എം.എൽ.എ തടസപ്പെടുത്തിയെങ്കിലും വ്യക്തിപരമായ അധിക്ഷേപത്തെ കുറിച്ച് റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല.