air-india-

മലപ്പുറം: യാത്രക്കാരുടെ മൂക്കിൽ നിന്നും രക്തം വന്നതിനെ തുടർന്ന് മസ്‌കറ്റിൽ നിന്നും പുറപ്പെട്ട കോഴിക്കോട്ടേക്കുള്ള വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിനകത്ത് മർദ്ദവ്യത്യാസമുണ്ടായതിനെത്തുടർന്ന് യാത്രക്കാർ അസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെയാണ് എയർ ഇന്ത്യയുടെ മസ്‌കറ്റ്- കോഴിക്കോട് വിമാനം തിരിച്ചിറക്കിയത്. നാല് യാത്രക്കാരുടെ മൂക്കിൽ നിന്നുമാണ് രക്തം വന്നത്. ഇവരെ വിമാനത്താവളത്തിലെ ഡോക്ടർ പരിശോധിച്ചു. പ്രശ്‌നം പരിഹരിച്ച ശേഷം വൈകിട്ട് കോഴിക്കോട് വിമാനത്താവളത്തിലെത്തി.

ഇന്നലെ ഉച്ചയോടെയാണ് മസ്‌കറ്റ് വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട ഐ.എക്സ് -350 നമ്പർ വിമാനത്തിലാണ് സംഭവം. തുടർന്ന് അതേ വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെ മെഡിക്കൽ ഏരിയയിലേക്ക് മാറ്റി പരിശോധിച്ച് അപകടാവസ്ഥയില്ലെന്ന് ഉറപ്പാക്കി. വിമാനത്തിന്റെ തകരാർ പരിഹരിക്കുകയും ചെയ്തു.മൂന്നു കുഞ്ഞുങ്ങളടക്കം 185 യാത്രക്കാരാണ് ബോയിംഗ് 737–8 വിഭാഗത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്നത്.

എയർക്രാഫ്റ്റ് പ്രഷറൈസേഷൻ പ്രശ്നം മൂലമാണ് വിമാനം തിരിച്ചിറക്കിയതെന്നും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും എയർ ഇന്ത്യ എക്പ്രസ് അറിയിച്ചു.