mohanlal-selfie-child

'എന്തോ ഇഷ്‌ടമാണ്... എന്നെ എല്ലാവർക്കും'. രാവണപ്രഭു എന്ന ചിത്രത്തിൽ മോഹൻലാലിന്റെ സൂപ്പർ ഡയലോഗുകളിലൊന്നാണിത്. സിനിമാ ഡയലോഗ് എന്നതിലുപരി അത് സത്യം തന്നെയെന്ന് എന്നേ സമ്മതിച്ചു കഴിഞ്ഞു ആരാധകരും. 40 വർഷത്തോളമായി മലയാള സിനിമയുടെ മുഖമുദ്ര‌യായി മാറിയ ലാലിന്റെ ആരാധകരിൽ മുൻപന്തിയിൽ അഞ്ച് മുതൽ അറുപതുകാരൻ വരെ ഉണ്ടെന്നുള്ളതാണ് കൗതുകം.

ഇപ്പോഴിതാ ലാലേട്ടന്റെ ഒരു കുട്ടിക്കുറുമ്പൻ ആരാധകനും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. അടുത്തിടെ കൊച്ചിയിൽ നടന്ന 'കായംകുളം കൊച്ചുണ്ണി'യുടെ നൂറാം ദിനാഘോഷ ചടങ്ങിലായിരുന്നു സംഭവം. വിശിഷ്‌ടാതിഥിയായി എത്തിയ ലാലിന്റെ മുന്നിൽ ഒട്ടും മടികൂടാതെ എത്തി സെൽഫിയും കൂടെ ഒരു ഷേയ്‌ക്ക് ഹാന്റും നൽകി മടങ്ങുകയായിരുന്നു നമ്മുടെ കൊച്ചുമിടുക്കൻ.

കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് കായംകുളം കൊച്ചുണ്ണിയുടെ വിജയാഘോഷ ചടങ്ങുകൾ നടന്നത്. മോഹൻലാലിനൊപ്പം നിവിൻ പോളി, റോഷൻ ആൻഡ്രൂസ്, പ്രിയാ ആനന്ദ്, ജീത്തു ജോസഫ്, കാളിദാസ് ജയറാം തുടങ്ങിയവരും പങ്കെടുത്തു. ജീത്തു ജോസഫിന്റെ പുതിയ ചിത്രമായ മിസ്‌റ്റർ ആന്റ് മിസ് റൗഡിയുടെ ഓഡിയോ പ്രകാശന ചടങ്ങും ഒപ്പം നടന്നു.