''എന്താ സാറേ ഇത്?"
നഴ്സ് താര ആ പൊതിയിലേക്കും സി.ഐ ധനപാലന്റെ മുഖത്തേക്കും മാറി മാറി നോക്കി.
''മറ്റാരും കാണാതെ തുറന്നു നോക്കണം. പിന്നെ എന്നെ വിളിക്ക്. ഞാൻ കാര്യം പറയാം."
സി.ഐ പെട്ടെന്ന് അവിടെനിന്നുപോയി.
താര പിന്നെ ചായ കഴിക്കാൻ നിന്നില്ല...
പൊതി വെള്ള കോട്ടിന്റെ പോക്കറ്റിൽ ഇട്ടുകൊണ്ട് ഡ്യൂട്ടി നഴ്സുമാരുടെ റൂമിലേക്കു പോയി. ഭാഗ്യത്തിന് അവിടെ ആരും ഉണ്ടായിരുന്നില്ല.
എങ്കിലും ബാത്ത്റൂമിൽ കയറിയാണ് പൊതി അഴിച്ചത്.
അവളുടെ കണ്ണുകൾ മഞ്ഞ ലോഹത്തിന്റെ പളപളപ്പിൽ മഞ്ഞളിച്ചുപോയി...
ആർത്തിയോടെ താര അത് എണ്ണിനോക്കി.
നാല് സ്വർണ ബിസ്ക്കറ്റുകൾ.
കൈവെള്ളയിൽ വച്ച് അവൾ അതിന്റെ ഭാരം പരിശോധിച്ചുനോക്കി.
പക്ഷേ ഊഹം കിട്ടിയില്ല.
ആരും ബാത്ത്റൂമിൽ ഇല്ലെന്ന് ഉറപ്പായിട്ടും അവൾ ചുറ്റും ശ്രദ്ധിച്ചു. പിന്നെ വേഗം ഫോൺ എടുത്ത് സി.ഐ ധനപാലനെ വിളിച്ചു.
''എന്തിനാ സാറേ ഈ സ്വർണ്ണക്കട്ടികൾ?"
''അത് താരയ്ക്കുള്ള ഒരു പ്രതിഫലമാണ്. ഇനി ചെയ്യാൻ പോകുന്ന ഒരു ജോലിക്ക്. ജോലി കഴിയുമ്പോൾ ഇത്രയും കൂടി തന്നിരിക്കും."
അതുകേട്ടതോടെ താരയുടെ ആർത്തി ഇരട്ടിച്ചു.
''സാറ് ജോലി പറയൂ..."
എന്നാൽ അപ്പുറത്തുനിന്നു ധനപാലൻ പറഞ്ഞ ജോലി കേട്ടപ്പോൾ നടുങ്ങിപ്പോയി താര.
''സാറേ.. ഇത് തീക്കളിയാ. ആരെങ്കിലും അറിഞ്ഞാൽ എനിക്ക് തൂക്കുകയറ് ഒറപ്പാ..."
നിലവിളി പോലെയായിരുന്നു അവളുടെ ശബ്ദം.
''ശ്ശ്... പതുക്കെ പറ താരേ... പിന്നെ നിനക്ക് ഒന്നും സംഭവിക്കാതെ ഞാൻ നോക്കിക്കൊള്ളാം. കൃത്യം നടന്നു കഴിഞ്ഞ് ആദ്യം അവിടെ എത്തുന്നത് ഞാനായിരിക്കും. അയാൾക്ക് പെട്ടെന്ന് രക്തസമ്മർദ്ദം കൂടുവാൻ ഒരു ഇഞ്ചക്ഷൻ നൽകിയാൽ മതി നീയ്..."
ധനപാലൻ ആശയം വ്യക്തമാക്കി.
''സാറ് എനിക്കൊല്പം നിൽക്കുമല്ലോ. അല്ലേ?"
താര വീണ്ടും തിരക്കി.
''ഷുവർ. നിനക്ക് പൂർണ്ണമായും എന്നെ വിശ്വസിക്കാം. നീ കുരുങ്ങിയാൽ ഞാനും കുരുങ്ങില്ലേ?"
ആ വാചകം താരയ്ക്ക് ആശ്വാസമായി. എങ്കിലും അവളുടെ നെഞ്ചിടിപ്പ് കുറഞ്ഞില്ല....
രാത്രി....
സ്പെഷ്യൽ പെർമിഷൻ ഉള്ളതിനാൽ രാഹുലും സാവത്രിയും ഐ.സിയുവിൽ കയറി രാജസേനനെ കണ്ടു.
കണ്ണുകൾ തുറന്നു കിടക്കുകയായിരുന്നു അയാൾ. അവരെ മനസ്സിലാക്കിയെന്ന് ആ കണ്ണുകളുടെ ചലനത്തിൽ നിന്നു വ്യക്തമായി.
അയാൾക്ക് എന്തോ പറയണമെന്നുണ്ടെന്നും അവർക്കു തോന്നി.
പക്ഷേ ഓക്സിജൻ മാസ്ക് മുഖത്ത് അമർന്നിരിക്കുകയാണ്.
അല്പസമയം കഴിഞ്ഞപ്പോൾ താര അവർക്ക് അരികിലെത്തി.
''ക്ഷമിക്കണം. അധിക നേരം ഇദ്ദേഹത്തിന്റെ അരികിൽ നിൽക്കാതിരിക്കുന്നതാണ് നല്ലത്. ഇൻഫക്ഷൻ ഉണ്ടായേക്കും."
''ഓക്കെ. ഞങ്ങള് മാറിയേക്കാം." രാഹുൽ പറഞ്ഞു.
താര പിൻതിരിഞ്ഞു.
അപ്പോൾ രാഹുൽ, അച്ഛന്റെ കാതിനരുകിലേക്കു ചുണ്ടു ചേർത്തു.
''അച്ഛാ... അച്ഛൻ മുഖ്യമന്ത്രി ആകുവാൻ പോകുകയാണ്. ഇങ്ങനെ കിടക്കുമ്പോൾത്തന്നെ... പിന്നെ ഭരിക്കുന്നത് ഞാനായിരിക്കും. കേട്ടോ...
അച്ഛനു ഭേഭമാകുന്നതുവരെ...."
രാജസേനന്റെ വിരലുകൾ പെട്ടെന്ന് ചലിച്ചു. കണ്ണുകളിൽ വല്ലാത്തൊരു തിളക്കം വന്നു.
താര അപ്പുറത്തുനിന്നു തിരിഞ്ഞു നോക്കിയപ്പോൾ അമ്മയും മകനും ഐ.സി.യു വിട്ടു.
ആ സമയം അടൂരിൽ നിന്നു പത്തനംതിട്ടയ്ക്കു പോകുകയായിരുന്നു സ്പാനർ മൂസ.
രാഹുലിന്റെ റെയ്ഞ്ച് റോവറിൽ...
കാർ 'തട്ട" പിന്നിട്ടു.
റോഡിൽ തിരക്ക് തീരെ കുറവായിരുന്നു. കടകൾ അടഞ്ഞു തുടങ്ങിയിരുന്നു.
കാർ കൈപ്പട്ടൂര് എത്തി.
വലത്തേക്ക് തിരിഞ്ഞു.
പെട്ടെന്ന് പന്തളം ഭാഗത്തുനിന്ന് ഒരു സ്കോർപിയോ ഹംബ് ചാടിക്കടന്ന് മുന്നിലെത്തി.
''എന്താടാ ഇത്?" ഗ്ളാസുകൾ ഉയർത്തിയിരിക്കുകയാണെങ്കിലും മൂസ ഒരു പച്ച തെറിവിളിച്ചു.
സ്കോർപിയോ മുന്നോട്ടു കുതിച്ചു. പിന്നാലെ റെയ്ഞ്ച് റോവറും.
തൊട്ടു മുന്നിൽ നദിക്കു കുറുകെയുള്ള പാലം.
രണ്ടു വാഹനങ്ങളും പാലത്തിൽ കയറി.
അടുത്ത നിമിഷം സ്കോർപിയോ വട്ടം തിരിഞ്ഞു. പാലത്തിനു കുറുകെ, റെയ്ഞ്ച് റോവറിനു മുന്നിൽ ബ്രേക്കിട്ടു.
(തുടരും)