ലോകത്തിലെ ഏറ്റവും വലിയ തടിക്കെട്ടിടം കാണണമെങ്കിൽ ജപ്പാനിലേക്ക് വണ്ടി കയറിക്കോളൂ. 350മീറ്ററാണ് ഈ കെട്ടിടത്തിന്റെ ഉയരം.
കടകൾ, വീടുകൾ, ഓഫീസുകൾ, ഹോട്ടലുകൾ എന്നിവയുള്ള ഈ കെട്ടിടം 2041ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. നഗരത്തെ ഒരു കാടിനുള്ളിലേക്ക് പറിച്ചു നടുക എന്നതായിരിക്കും ഈ കെട്ടിടത്തിന്റെ ആശയം. ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിൽ നിർമ്മിക്കുന്ന കെട്ടിടത്തിന് കോടികളാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ടോക്കിയോ ആസ്ഥാനമായ നിക്കെൻ സിക്കി എന്ന ആർക്കിടെക്ചർ സ്ഥാപനമാണ് കെട്ടിടം രൂപകൽപ്പന ചെയ്തത്. ഏത് തരം തടികളാണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നതെന്ന് വ്യക്തമല്ല.തടിയും സ്റ്റീലും ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ കെട്ടിടത്തിന് 70 നിലകളാണുള്ളത്. നിർമ്മാണത്തിന് സ്റ്റീലും ഉപയോഗിക്കുന്നുണ്ടെങ്കിലും 90ശതമാനവും മരം തന്നെയായിരിക്കും. ജപ്പാനിൽ തുടർച്ചയായി ഉണ്ടാകുന്ന ഭൂകമ്പത്തെയും ശക്തമായ കാറ്റിനെയും ചെറുക്കുന്നതിന് കെട്ടിടത്തിന്റെ പുറംവശങ്ങളിൽ ട്യൂബ് സ്ട്രെക്ച്ചറുകൾ നിർമ്മിക്കാനാണ് പദ്ധതി.