അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ ഓന്തുകൾക്കുള്ള കഴിവാണ് നിറം മാറുകയെന്നത്. ഇതുപോലെ നിറവുംരൂപവും മാറാൻ കഴിയുന്ന ജീവികൾക്കിടയിൽ ഒരുതരം ചിലന്തികളുമുണ്ട്. ഇവയുടെ പ്രത്യേകത നിറവും രൂപവും ഒരുമിച്ചു മാറാൻ കഴിയുന്നുവെന്നതാണ്.
ചൈനയിലെ യുനാൻ പ്രവിശ്യയിലാണ് കോമോഫ്ളോഡ്ജ് ഇനത്തിൽപ്പെട്ട ഇത്തരം ചിലന്തികളെ ഗവേഷകർ ആദ്യമായി കണ്ടെത്തുന്നത്.
ഗവേഷകർക്ക് മുന്നിലൂടെ പോയ ഏതാനും ചിലന്തികൾ കൂട്ടമായി അപ്രത്യക്ഷരായതാണ് ഇവരുടെ ശ്രദ്ധ ഇതിലേക്ക് പതിക്കാൻ കാരണമായത്. ചെടികൾക്കിടയിലേക്ക് കയറിപ്പോയ ചിലന്തികളെ സൂക്ഷ്മമായ നിരീക്ഷണത്തിൽ പോലും കണ്ടെത്താനായില്ല.
ചെടികളുടെ ഉണങ്ങിയ ഇലകൾ പോലെ തോന്നിച്ച ഭാഗം പിന്നീട് നിരീക്ഷിച്ചപ്പോഴാണ് ഇവ ചിലന്തികളാണെന്ന് മനസിലായത്. ക്ളോസപ്പ് ചിത്രങ്ങളിൽ പോലും ഇവ ഇലകളെല്ലെന്ന് മനസിലാക്കാൻ പ്രയാസമാണെന്നാണ് പറയുന്നത്. ഉണങ്ങിയ ഇലകൾ മാത്രമല്ല, പഴുത്ത ഇലകളുടെയും പച്ച ഇലകളുടെയും നിറങ്ങൾ സ്വീകരിക്കാനും ഈ ചിലന്തികൾക്ക് അനായാസം സാധിക്കുന്നു.
സ്ളോവേനിയൻ ഗവേഷകനായ മാട്ജാസ് കട്നർ ആണ് ഈ ചിലന്തികളെ കണ്ടെത്തിയത്. വലകെട്ടി ഇരപിടിക്കുന്നതിന് പകരം നിറംമാറിയിരുന്ന് ഇരയെ കബളിപ്പിച്ച് വലയിൽ വീഴ്ത്തുകയാണ് ഇവരെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. ഇലകളുടെ അറ്റമെന്നതുപോലെ ചുരുണ്ടുകിടക്കുന്ന ശരീരമാണ് ഇവയെ രൂപംമാറാൻ ഏറെ സഹായിക്കുന്നത്. വേഷംമാറുമ്പോൾ ഇവയുടെ കാലുകൾ ശരീരത്തോട് ചേർത്ത് നിർത്തുന്നു.