തടിച്ചും വളഞ്ഞു പുളഞ്ഞും കാണുന്ന സിരകളെയാണ് വെരിക്കോസ് വെയിൻ അഥവാ സിരാഗ്രന്ഥി എന്നുപറയുന്നത്. ശരീരത്തിൽ എവിടെ വേണമെങ്കിലും വരാവുന്നതാണെങ്കിലും സാധാരണയായി കാലുകളിലാണ് ഇവ കാണുന്നത്. പാദവുമായി ചേരുന്ന സന്ധിക്കടുത്തായി ചികിത്സിച്ചു ഭേദമാക്കുവാൻ ബുദ്ധിമുട്ടുള്ള വ്രണമായും പിന്നീട് ഇവ മാറാറുണ്ട്. സ്ഥിരമായി നിൽക്കുകയോ ഇരിക്കുകയോ ചെയ്യുന്നവരിലാണ് ത്വക്കിനടിയിലെ സിരകളിലെ പോക്കറ്റ് വാൽവുകൾക്ക് കേടു വന്ന് വെരിക്കോസ് വെയിൻ ആയി മാറുന്നത്.
പാരമ്പര്യമായും, വണ്ണക്കൂടുതൽ ഉള്ളവരിലും, ഗർഭിണികൾക്കും, പ്രായക്കൂടുതൽ കൊണ്ടും ഇവ ഉണ്ടാകുകയോ വർദ്ധിക്കുകയോ ചെയ്യാം. വളരെ അപകടം പിടിച്ച അസുഖമെന്ന നിലയിൽ ഇതിനെ കാണേണ്ടതില്ലെങ്കിലും അതുണ്ടാക്കുന്ന ബുദ്ധിമുട്ടും ,വേദനയും, ചികിത്സിച്ചാലും മാറാത്ത വ്രണവും അതുമൂലമുള്ള പ്രയാസങ്ങളും ചെറുതല്ല. വ്രണത്തിന് പലപ്പോഴും ദുർഗന്ധവും നല്ല വേദനയും ഉണ്ടാകും.
ഇടയ്ക്കിടെ ഹൃദയത്തിന്റെ ലെവലിൽ കാലുകൾ ഉയർത്തി കിടക്കുക, ചെറിയതോതിലുള്ള വ്യായാമങ്ങൾ ചെയ്ത് പേശികളെ ബലപ്പെടുത്തുക, ശരീരഭാരം നിയന്ത്രിക്കുക, കൂടുതൽ നേരം നിന്നും ഇരുന്നുമുള്ള ജോലി ഒഴിവാക്കുക, ഇലക്കറികളും പഴവർഗങ്ങളും ധാരാളം കഴിക്കുക, കാലിലെ മസിലുകൾക്കും സിരകൾക്കും സപ്പോർട്ട് നൽകും വിധം സോക്സ്, സ്റ്റോക്കിംഗ്സ് മുതലായവ ഉപയോഗിക്കുക, ആയുർവേദ ഔഷധങ്ങൾ ഉപയോഗിച്ച് കാലുകളിലെ രക്തസഞ്ചാരം വർദ്ധിപ്പിക്കുന്ന ചികിത്സകൾ ചെയ്യുക തുടങ്ങിയവയാണ് പരിഹാരമാർഗ്ഗങ്ങൾ.
ഡോ.ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ
ഓഫീസർ
ഗവ.ആയുർവേദ
ഡിസ്പെൻസറി
ചേരമാൻ തുരുത്ത്
തിരുവനന്തപുരം
ഫോൺ:9447963481