ശ്രീനഗർ : ജമ്മുവിലെ ഉറിയിൽ സൈനിക ക്യാംപിന് നേരെ തീവ്രവാദികൾ ആസൂത്രണം ചെയ്ത ആക്രമണ ശ്രമം സൈന്യം പരാജയപ്പെടുത്തി. ഉറി മേഖലയിൽ അതിർത്തിയോട് അടുത്തുള്ള രജർവാനി ആർമി യൂണിറ്റിന് നേരെ ആക്രമണം നടത്താനായി നാല് ഭീകരർ പുലർച്ചെ മൂന്ന് മണിയോടെയാണ് എത്തിയത്. എന്നാൽ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽ പെട്ട സുരക്ഷാ സേന ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഭയന്നോടിയ ഭീകരർ സമീപത്തെ വനത്തിൽ കയറി, ഇവിടെ സേന വളഞ്ഞിരിക്കുകയാണ്. സംഭവ സ്ഥലത്ത് സൈന്യവും പൊലീസും തിരച്ചിലാരംഭിക്കുകയും ചെയ്തു. അതെസമയം രണ്ട് പേരെ സൈന്യം പിടികൂടിയെന്നും റിപ്പോർട്ടുകളുണ്ട്.
2016ൽ ഉറി സൈനിക ക്യാമ്പിൽ അതിക്രമിച്ച് കയറിയ തീവ്രവാദികളുടെ ആക്രമണത്തിൽ പത്തൊൻപത് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതിന് മറുപടിയായി അതിർത്തി കടന്ന് ഭീകരക്യാമ്പ് ആക്രമിച്ച് ഇന്ത്യൻ സൈന്യം സർജിക്കൽ സ്‌ട്രൈക്ക് നടത്തുകയും ചെയ്തിരുന്നു.