a-k-balan-and-p-k-firoz

കോഴിക്കോട്: മന്ത്രി കെ.ടി. ജലീലിനെതിരെ ബന്ധുനിയമന ആരോപണവുമായെത്തിയ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്,​ മന്ത്രി എ.കെ. ബാലനെതിരെ ഇന്നലെ പുതിയ നിയമന വിവാദത്തിന് തിരികൊളുത്തി.

മന്ത്രി ബാലൻ അസി.പ്രൈവറ്റ് സെക്രട്ടറി എ മണിഭൂഷണെ നിയമവിരുദ്ധമായി തന്റെ വകുപ്പിലെ 'കിർത്താഡ്‌സി'ൽ സ്ഥിരം നിയമനം നൽകിയതായി വാർത്താസമ്മേളനത്തിൽ ഫിറോസ് ആരോപിച്ചു. മതിയായ യോഗ്യതയില്ലാതെ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ലക്‌ചറർ ആയി നിമയിതനായ മണിഭൂഷണെ സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമായ ചട്ടം 39 ഉപയോഗിച്ചാണ് സ്ഥിരപ്പെടുത്തിയത്.എന്നാൽ ചട്ടം 39 ഉപയോഗിക്കുമ്പോഴും ചുരുങ്ങിയ യോഗ്യത വേണമെന്ന് നിർബന്ധമാണ്. 'കിർത്താഡ്‌സി'ൽ ലക്‌ചറർ ആയി നിയമിതനാവാൻ ആ വിഷയത്തിൽ എം ഫില്ലോ , പി എച്ച്. ഡിയോ നിർബന്ധമാണ്. എന്നാൽ ഇദ്ദേഹത്തിന് എം.എ ബിരുദം മാത്രേയുള്ളുവെന്നും ഫിറോസ് പറഞ്ഞു.

മണിഭൂഷണ് മാത്രം സ്ഥിരം നിയമനം നൽകിയാൽ പ്രശ്നമാകുമെന്ന് കരുതി മതിയായ യോഗ്യതയില്ലാത്ത മറ്റ് മൂന്ന് പേർക്കും സ്ഥിരം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.നിയമ വിരുദ്ധ നിയമനം റദ്ദ് ചെയ്യണമെന്നും നിയമനം നടത്തിയ എ.കെ ബാലനെതിരെയും അതിന് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണന്നും ഫിറോസ് ആവശ്യപ്പെട്ടു.

നിഷേധിച്ച് മന്ത്രി എ.കെ. ബാലൻ

മണിഭൂഷണന്റെ നിയമനത്തെ സംബന്ധിച്ചുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി എ.കെ ബാലൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. മണിഭൂഷണിനെ കിർത്താഡ്സിൽ റിസർച്ച് അസിസ്റ്റന്റായി 1993 ൽ അന്നത്തെ ഇന്റർവ്യൂ ബോർഡാണ്നിയമിച്ചത്. 1995 ൽ കിർത്താഡ്സിൽ ലക്ചറർ/റിസർച്ച് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ട് മണിഭൂഷണനെ ലക്ചററായി കരാർ അടിസ്ഥാനത്തിൽ മാറ്റി നിയമിച്ചു. ഈ രണ്ട് നിയമനങ്ങളും അന്നത്തെ യു.ഡി.എഫ് സർക്കാർ കാലത്താണ് നടത്തിയത്. 1979 ൽ രൂപീകരിച്ച കിർത്താഡ്സിൽ സ്പെഷ്യൽ റൂൾ നിലവിലുണ്ടായിരുന്നില്ല. 2007 ലാണ് സ്പെഷ്യൽ റൂൾ അംഗീകരിച്ചത്. ചട്ടം 10 പ്രകാരം അതുവരെ ദീർഘകാലമായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന മണിഭൂഷൺ അടക്കമുള്ള 10 ജീവനക്കാരെ 2010 ൽ സ്ഥിരപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.നിയമ, ധനകാര്യ, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പുകളുടെ പരിശോധനയ്ക്ക് ശേഷം എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് പ്രൊബേഷൺ ഡിക്ലയർ ചെയ്തതെന്നും മന്ത്രി പറഞ്ഞു.