വൃന്ദാവൻ: പശുക്കൾ ഭാരത സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അത് കൊണ്ടാണ് ബി.ജെ.പി സർക്കാർ പശുസംരക്ഷണത്തിന് ഊന്നൽ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തർപ്രദേശിലെ വൃന്ദാവനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പശുവിൽ നിന്നെടുക്കുന്ന പാലിന്റെ കടം തീർക്കാൻ നമുക്ക് സാധിക്കില്ല, പശുക്കൾ ഇന്ത്യയുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്നും' മോദി പറഞ്ഞു. പശുക്കൾ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ പ്രധാന ഘടകമാണ്. അതുകൊണ്ട് തന്നെയാണ് ബി.ജെ.പി സർക്കാർ കാമധേനു ആയോഗ്, ഗോകുൽ മിഷൻ പോലുള്ള പദ്ധതികൾ നടപ്പാക്കുന്നത്. പശു വളർത്തുന്നവർക്കായി നടപ്പാക്കുന്ന പദ്ധതികളിൽ നിലവിൽ ബാങ്ക് മൂന്ന് ലക്ഷം രൂപ വരെയാണ് വായ്പ നൽകുന്നത്. ഇടക്കാല ബഡ്‌ജറ്റിൽ അവതരിപ്പിച്ച കാമധേനു ആയോഗ് പദ്ധതിക്കായി 500കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആയോഗിലൂടെ പശു സംരക്ഷണത്തിനും ക്ഷേമത്തിനും കഴിയുമെന്നും മോദി പറഞ്ഞു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പോഷകാഹാരം നൽകാനും വിവിധ വാക്സിനേഷനുകൾ നൽകി ആരോഗ്യപൂർണമായി ഭാവി നൽകുന്നതിനുമായി നിരവധി പദ്ധതികൾ നടപ്പാക്കുകയാണ്. പന്ത്രണ്ട് സംസ്ഥാനങ്ങളിൽ 15,786 ഗവർണ്മെന്റ് സ്കൂളുകളിൽ ദിവസവും 17.6ലക്ഷത്തിലധികം കുട്ടികൾക്ക് പോഷകാഹാരം നൽകുന്ന പദ്ധതിയായ അക്ഷയപാത്രയെ നടപ്പാക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഉത്തർപ്രദേശിലെ വൃന്ദാവൻ ചന്ദ്രോദയ ക്യാംപസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.