ബംഗളുരു: കർണാടകയിലെ ജെ.ഡി.എസ് എം.എൽ.എമാർക്ക് കോഴവാഗ്‌ദ്ധാനം ചെയ്തെന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖയെ കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി പ്രത്യേക അന്വേഷണ കമ്മിഷനെ നിയോഗിച്ചു. തിങ്കളാഴ്ച നിയമസഭയിലാണ് സ്പീക്കർ രമേശ് കുമാർ ഇക്കാര്യം കുമാരസ്വാമിയോട് നിർദ്ദേശിച്ചത്. അന്വേഷണ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്നും സ്പീക്കർ നിർദ്ദേശിച്ചിട്ടുണ്ട്.

'50 കോടി രൂപ നൽകി സ്പീക്കറെ വിലയ്ക്കെടുക്കാം" എന്ന യെദിയൂരപ്പയുടെ പ്രസ്താവനയും വിവാദമായിരുന്നു.

ജനതാദൾ എം.എൽ.എ നാഗനഗൗഡയെ ബി.ജെ.പിയിലേക്ക് കൂറുമാറ്റാൻ യെദിയൂരപ്പ അദ്ദേഹത്തിന്റെ മകൻ ശങ്കർ ഗൗഡയ്ക്ക് പത്തുകോടി രൂപയും മന്ത്രിപദവിയും വാഗ്‌ദാനം ചെയ്‌തെന്നായിരുന്നു കോൺഗ്രസിന്റെയും കുമാരസ്വാമിയുടെയും ആരോപണം. സ്പീക്കറെ 50 കോടി നൽകി വിലയ്ക്കെടുക്കാമെന്നും യെദിയൂരപ്പ പറഞ്ഞതായി ആരോപണമുയർന്നിരുന്നു. ഇതിനുള്ള തെളിവായാണ് ശബ്ദരേഖ പുറത്തുവിട്ടത്.

ഇക്കാര്യം തുടക്കത്തിൽ നിഷേധിച്ച യെദിയൂരപ്പ ഞായറാഴ്ചയാണ് ശങ്കർഗൗഡയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ചത്. എന്നാൽ സംഭാഷണങ്ങൾ കുമാരസ്വാമിയുടെ ആസൂത്രണ പ്രകാരം ഉണ്ടാക്കിയെടുത്തതാണെന്നും യെദിയൂരപ്പ പറഞ്ഞിരുന്നു.