ലക്‌നൗ: പ്രിയങ്കയുടെ രാഷ്ട്രീയ അരങ്ങേറ്റത്തിന് ലക്‌നൗവിൽ ഗംഭീര വരവേൽപ്പ്. കോൺഗ്രസ് അധ്യക്ഷനും ജ്യേഷ്‌ഠനുമായ രാഹുൽ ഗാന്ധിക്കും,​ പടിഞ്ഞാറൻ യു.പിയുടെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കും ഒപ്പമെത്തിയ പ്രിയങ്കയെ ഉത്സവച്ഛായ പകർന്ന അന്തരീക്ഷത്തിൽ ഹർഷാരവങ്ങളോടെയാണ് നേതാക്കളും പ്രവർത്തകരും സ്വീകരിച്ചത്. പ്രചാരണരഥത്തിലുള്ള പ്രിയങ്കയുടെ റോഡ് ഷോ കാണാൻ ആയിരക്കണക്കിന് പ്രവർത്തകർ റോഡിന് ഇരുവശങ്ങളിലും കാത്തുനിന്നു.

പുതിയ ഭാവിയും പുതിയ രാഷ്ട്രീയവും തനിക്കൊപ്പം തുടങ്ങാമെന്ന ആഹ്വാനത്തോടെയായിരുന്നു പ്രിയങ്കയുടെ ഇന്നലത്തെ രംഗപ്രവേശം. സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ രൂപീകരിക്കുന്നതുവരെ തങ്ങൾക്ക് വിശ്രമമില്ലെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. പാവങ്ങൾക്കും കർഷകർക്കും മുൻതൂക്കം നൽകുന്ന സർക്കാരായിരിക്കും അത്. യു.പിയിലെ അനീതികൾക്കെതിരെ പോരാടാനാണ് പ്രിയങ്കയോടും ജ്യോതിരാദിത്യ സിന്ധ്യയോടും ആവശ്യപ്പെട്ടിരിക്കുന്നതെന്നും രാഹുൽ പറഞ്ഞു.

പ്രിയങ്കാ ഗാന്ധിയുടെ വ്യക്തിപ്രഭാവം സംഘടനാതലത്തിൽ സംസ്ഥാനത്ത് ചലനങ്ങളുണ്ടാക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗോരഖ്പൂരും ഉൾപ്പെടെ 42 മണ്ഡലങ്ങളിലാണ് പ്രിയങ്ക പ്രചാരണം നടത്തുക. ട്വിറ്ററിൽ പ്രിയങ്കയുടെ വേരിഫൈഡ് പേജും തയ്യാറായി.

ആറു മണിക്കൂറോളം നീണ്ട റോഡ് ഷോയ്‌ക്കു ശേഷം ലാൽബാഗിൽ ജനങ്ങളെയും മാദ്ധ്യമങ്ങളെയും മൂവരും അഭിസംബോധന ചെയ്തു. മഹാത്മാ ഗാന്ധി,​ സർദാർ പട്ടേൽ, ബി.ആർ. അംബേദ്കർ എന്നിവരുടെ പ്രതിമകളിൽ പ്രിയങ്ക ഹാരാർപ്പണം നടത്തി.