തിരുവനന്തപുരം: മൂന്നാർ പഞ്ചായത്തിന്റെ അനധികൃത നിർമാണത്തിനെതിരെ കോടതിയലക്ഷ്യ നടപടി ഫയൽ ചെയ്യില്ല. കോടതിയലക്ഷ്യം ഫയൽ ചെയ്യണമെന്നാവശ്യപ്പെട്ട് ദേവികുളം സബ് കളക്ടർ രേണുരാജ് നൽകിയ ശുപാർശ അഡ‍്വക്കേറ്റ് ജനറലിന്റെ ഓഫീസ് തള്ളി. നിയമലംഘനം ഹൈക്കോടതിയെ അറിയിക്കാൻ
സബ്കളക്ടറും അഡീഷണൽ എ.ജി. രഞ്ജിത്ത് തമ്പാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി.
കോടതിയലക്ഷ്യ നടപടി എടുക്കുന്നതിനെക്കുറിച്ച് കോടതി തീരുമാനിക്കട്ടെയെന്നും നിർദേശമുണ്ട്. തീരുമാനം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്ന് സബ് കളക്ടർ പ്രതികരിച്ചു.
എൻ.ഒ.സി നേടാതെ നിർമാണപ്രവർത്തനം നടത്തിയത് 2010ലെ കോടതി വിധിക്കെതിരാണ്. അതിനാൽ മൂന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യണമെന്നായിരുന്നു സബ് കളക്ടറുടെ നിർദേശം.
വിഷയത്തിൽ നിയമപരിശോധന നടത്തിയശേഷമാണ് എ.ജിയുടെ ഓഫീസിന്റെ നിർദേശം.