കൊച്ചി: രാജ്യത്തെ സംസ്ഥാന നിക്ഷേപ സാദ്ധ്യതാ സൂചികയിൽ കേരളത്തിന്റെ മുന്നേറ്റം. 2018ലെ നാഷണൽ കൗൺസിൽ ഒഫ് അപ്ളൈഡ് എക്കണോമിക് റിസർച്ചിന്റെ (എൻ.സി.എ.ഇ.ആർ) സ്‌റ്രേറ്റ് ഇൻവെസ്‌റ്ര്‌മെന്റ് പൊട്ടൻഷ്യൽ ഇൻഡക്‌സിൽ നാലാം സ്ഥാനമാണ് കേരളം നേടിയത്. ഭൂമി, തൊഴിൽ, അടിസ്ഥാനസൗകര്യം, സാമ്പത്തിക പരിസ്ഥിതി, രാഷ്‌ട്രീയ സ്ഥിരത, ഭരണം, ബിസിനസ് അവബോധം എന്നിവ അടിസ്ഥനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. ഗുജറാത്ത്, ഹരിയാന, ബംഗാൾ എന്നിവയാണ് യഥാക്രമം കേരളത്തിന് തൊട്ടുമുന്നിലുള്ള സംസ്ഥാനങ്ങൾ. കൊച്ചിയിൽ ഇന്നലെ നടന്ന അസെൻഡ് കേരളയിൽ എൻ.സി.എ.ഇ.ആർ സർവേ പ്രകാശനം ചെയ്‌തു.
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ മുന്നിലുള്ള കേരളത്തെ ഉത്‌പാദന രംഗത്തും മുന്നോട്ട് നയിക്കാനുള്ള നടപടികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് അസെൻഡ് 2019ന്റെ ഭാഗമായുള്ള പ്ളീനറി സെഷനിൽ പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ പറഞ്ഞു.