hiv
എച്ച്.ഐ.വി

ആലപ്പുഴ: അച്ഛൻ പകർന്നുനൽകിയ എയ്ഡ്സ് രോഗം മൂലം അമ്മയില്ലാതായ പെൺകുട്ടിയെ 12 വയസുമുതൽ ലൈംഗിക പീഡനത്തിനിരയാക്കിവന്ന അധമനായ ആ അച്ഛന് ഇനി ജീവിതാന്ത്യം വരെ ജയിലിൽ കിടക്കാം. അച്ഛനിൽ നിന്ന് മകളും എയ്ഡ്സ് ബാധിതയാണെന്നതാണ് ദയനീയം. ചെങ്ങന്നൂർ സ്വദേശിയായ അമ്പതുകാരനെയാണ് ആലപ്പുഴ അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി എസ്.എച്ച്. പഞ്ചാപകേശൻ ശിക്ഷിച്ചത്.

മഹാരാഷ്ട്രയിലെ സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായിരുന്ന ഇയാളുടെ ഭാര്യ 2012ൽ ആണ് എയ്ഡ്സ് മൂർച്ഛിച്ച് മരണമടഞ്ഞത്. അവിടെ വഴിവിട്ട ജീവിതം നയിച്ചിരുന്ന പ്രതിയാണ് ഭാര്യയ്ക്ക് രോഗം നൽകിയതെന്ന് പരിശോധനകളിൽ നിന്ന് വ്യക്തമായിരുന്നു. അമ്മ ജീവിച്ചിരിക്കെ തന്നെ പെൺകുട്ടിയെ ഇയാൾ ശാരീരികമായി ചൂഷണം ചെയ്തിരുന്നെന്നാണ് കേസ്. 2013ന് ആഗസ്റ്റ് 30 വരെ ഇതു തുടർന്നു. പെൺകുട്ടിയിൽ നിന്ന് വിവരം ലഭിച്ച പ്രദേശവാസിയായ അംഗൻവാടി വർക്കർ കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററെ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കോ-ഓർഡിനേറ്റർ ബന്ധപ്പെട്ടതോടെ, അന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി വൈസ് പ്രിൻസിപ്പലായിരുന്ന ഡോ. സൈറു ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടിയുടെ വീട്ടിൽ അന്വേഷണത്തിനെത്തി. പ്രതി ഇവരെ തടഞ്ഞു. ഇതോടെ ചെങ്ങന്നൂർ പൊലീസെത്തി മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. അന്നു മുതൽ ജയിലിലാണ് ഇയാൾ.

ഇരയായ പെൺകുട്ടിയുടെ സഹോദരൻ ബന്ധുക്കളുടെ സംരക്ഷണയിലാണ്.

-- ഇന്ത്യൻ ശിക്ഷാ നിയമം 376, 376

ഇന്ത്യൻ ശിക്ഷാ നിയമം 376, 376 എഫ്.എൻ, ജുവനൈൽ ജസ്റ്റിസ് ആക്ട് 23 വകുപ്പ് പ്രകാരമാണ് ശിക്ഷ. ജീവിതാന്ത്യംവരെ തടവിൽ കഴിയണമെന്ന് വിധി ന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു ലക്ഷം രൂപ പിഴയൊടുക്കണം. ഇത് പ്രത്യേക പരിചരണത്തിൽ കഴിയുന്ന പെൺകുട്ടിക്ക് നൽകണം. ഒപ്പം കേരള വിക്റ്റിംസ് കോമ്പൻസേഷൻ റൂൾസ് പ്രകാരമുള്ള സഹായങ്ങൾ ഇരയ്ക്ക് ലഭ്യമാക്കാൻ കോടതി ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയെ ചുമതലപ്പെടുത്തി. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡറും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറുമായ സി. വിധു ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 12 സാക്ഷികളെ വിസ്തരിച്ചു.