ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള കാർഷികോത്പന്ന കയറ്റുമതിയുടെ മൂല്യം നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ-ഡിസംബർ കാലയളവിൽ 50 ശതമാനം നഷ്‌ടം നേരിട്ടു. മൊത്തം കയറ്റുമതി അളവ് 46 ശതമാനവും ഇടിഞ്ഞെന്ന് അഗ്രികൾച്ചറൽ ആൻഡ് പ്രോസസഡ് ഫുഡ് പ്രോഡക്‌ട്‌സ് എക്‌സ്‌പോർട് ഡെവലപ്‌മെന്റ് അതോറിറ്രിയുടെ (എപെഡ) കണക്കുകൾ വ്യക്തമാക്കി.
ഉത്‌പന്നങ്ങളുടെ വിലയിടിവും വില കൂടുതൽ ഇടിയുമെന്ന വിലയിരുത്തലുകളെ തുടർന്ന് സ്‌റ്റോക്കിസ്‌റ്റുകൾ ഇന്ത്യൻ ഉത്‌പന്നങ്ങൾ വാങ്ങുന്നത് നീട്ടിവച്ചതുമാണ് കയറ്റുമതിയെ തളർത്തിയത്. 1.35 ലക്ഷം ടൺ ഗോതമ്പാണ് നടപ്പുവർഷം ഏപ്രിൽ-ഡിസംബറിൽ കയറ്റുമതി ചെയ്‌തത്. കിട്ടിയ വരുമാനം 35 ദശലക്ഷം ഡോളർ. മുൻവർഷത്തെ സമാനകാലയളവിൽ 72 ദശലക്ഷം മൂല്യംവരുന്ന 2.49 ലക്ഷം ടൺ ഗോതമ്പ് കയറ്റുമതി ചെയ്‌തിരുന്നു. ബസുമതി ഇതര അരിയുടെ കയറ്റുമതി 14 ശതമാനവും മൂല്യം 16.4 ശതമാനവും ഇടിഞ്ഞു. ബസുമതി അരി, പോത്തിറച്ചി, നിലക്കടല, പഴവർഗങ്ങൾ എന്നിവയുടെ കയറ്റുമതിയിലും നഷ്‌ടമുണ്ടായി.