ലക്‌നൗ: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഔദ്യോഗിക രാഷ്ട്രീയ പ്രവേശനം രാജ്യത്താകെ കോൺഗ്രസിന് പുതു ഊർജം പകർന്ന സാഹചര്യത്തിൽ ഉത്തർപ്രദേശിലെ എസ്.പി- ബി.എസ്.പി സഖ്യം കോൺഗ്രസിലേക്ക് ചായുന്നതായി സൂചന. കോൺഗ്രസുമായി സഖ്യമില്ലെന്ന സമാജ്‌വാദി നേതാവ് അഖിലേഷ് യാദവിന്റെയും ബി.എസ്.പി നേതാവ് മായാവതിയുടെയും തീരുമാനം പുനഃപരിശോധിക്കാനൊരുങ്ങുകയാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രിയങ്ക ഗാന്ധിയുടെ വരവോടെ ഉത്തർപ്രദേശിലെ രാഷ്ട്രീയ കാലാവസ്ഥ മാറുകയാണെന്നും പാർട്ടിയുടെ സഖ്യതീരുമാനം പുനഃപരിശോധിച്ചേക്കുമെന്നും സമാജ്‌വാദി പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ബി.എസ്.പിയ്ക്കും സമാനമായ മനംമാറ്റം ഉണ്ടായതായാണ് വിവരം.
കോൺഗ്രസ് മായാവതിയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം. കോൺഗ്രസിന്റെ തീരുമാനങ്ങളിൽ മായാവതി തൃപ്തയാണെങ്കിൽ അഖിലേഷ് യാദവിന് കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കാൻ മറ്റ് പ്രശ്നങ്ങളില്ലെന്ന് പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത സമാജ്‌വാദി നേതാവ് ഒരു ദേശീയ മാദ്ധ്യമത്തിനോട് പറഞ്ഞു.
ചുരുങ്ങിയ സീറ്റുകളിലെങ്കിലും കോൺഗ്രസുമായി ധാരണയിലെത്താൻ ഇരു പാർട്ടികളും നീക്കം നടത്തുന്നതായാണ് സൂചന. 2009ൽ സംസ്ഥാനത്ത് എല്ലാ സീറ്റിലും മത്സരിച്ച കോൺഗ്രസ് 21 സീറ്റുകളിൽ വിജയിച്ചിരുന്നു.
കോൺഗ്രസിന് മേൽക്കൈയുള്ള മണ്ഡലങ്ങളിൽ ബി.ജെ.പി ഇതര വോട്ടുകൾ വിഭജിക്കാനുള്ള സാദ്ധ്യതകൂടി കണക്കിലെടുത്താണ് എസ്.പി-ബി.എസ്.പി സഖ്യത്തിന്റെ മഹാസഖ്യത്തിനുള്ള നീക്കം.
നേരത്തെ അഖിലേഷ് യാദവിനോടും കോൺഗ്രസിനോടും തനിക്ക് ഏറെ ബഹുമാനമുണ്ടെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. അവർ സമീപിച്ചാൽ ചർച്ചകൾക്ക് തയ്യാറാണെന്നും രാഹുൽ പറഞ്ഞിരുന്നു.