youth-league

കോഴിക്കോട്: താൻ ഉന്നയിച്ച ആരോപണത്തിനെതിരെ ജെയിംസ് മാത്യു എം.എൽ.എ നൽകിയ മറുപടിയിലൂടെ കൂടുതൽ നിയമ വിരുദ്ധ നിയമനങ്ങൾ പുറത്തു വന്നിരിക്കുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

സി.പി.എം നേതാവിന്റെ സഹോദര പുത്രൻ ഡി.എസ് നീലകണ്ഠനെ ഇൻഫർമേഷൻ കേരള മിഷനിൽ ടെക്‌നിക്കൽ ഡെപ്യൂട്ടി ഡയറക്ടറായി നിമയമിച്ചതിനെതിരെയാണ് ഫിറോസ് ആരോപണമുന്നയിച്ചിരുന്നത്. ഇൻഫർമേഷൻ കേരള മിഷനിലെ ഡെപ്യൂട്ടി ഡയറക്ടർ നിയമനത്തിനല്ല മന്ത്രി എ.സി മൊയ്തീന് പരാതി നൽകിയതെന്നും 1.25 ലക്ഷം രൂപ ശമ്പളത്തിൽ ആർക്കിടെക്‌‌ടിനെ നിയമിച്ച പ്രശ്നമാണ് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നതെന്നുമാണ് ജെയിംസ് മാത്യു മറുപടി പറഞ്ഞത്. ഇതോടെ വൻ ശമ്പളത്തിൽ മറ്റൊരാൾക്കു കൂടി നിയമനം നൽകിയിട്ടുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്. ആരുടെ ശുപാർശയിൽ ആരെയാണ് നിമയിച്ചതെന്ന് മന്ത്രി വ്യക്തമാക്കണം. - ഫിറോസ് പറഞ്ഞു.