കൊല്ലം: നെഞ്ചിലെ പ്രാണൻ പിടഞ്ഞ വേദനയിലും പതറാതെ സ്‌കൂൾ ബസ് പാതയോരത്ത് ഒതുക്കി അമ്പതോളം കുട്ടികളെ സുരക്ഷിതരാക്കിയ ശേഷം ഡ്രൈവർ മരണത്തിന് കീഴടങ്ങി. തങ്കശേരി മൗണ്ട് കാർമ്മൽ ആംഗ്ലോ ഇന്ത്യൻ സ്‌കൂളിലെ ഡ്രൈവർ കൊല്ലം തിരുമുല്ലവാരം നന്ദിലത്തുതറയിൽ വി.എസ്.നന്ദകുമാറിനാണ് (49) ഇങ്ങനെയൊരു ജീവിതാന്ത്യം.
അമ്പതോളം കുട്ടികളുമായി സ്കൂളിൽ നിന്ന് പുറപ്പെട്ട ബസ് ഇന്നലെ വൈകിട്ട് 4.10ന് തങ്കശേരി കാവൽ ജംഗ്ഷന് സമീപം എത്തിയപ്പോഴാണ് നന്ദകുമാറിന് നെഞ്ചുവേദന തുടങ്ങിയത്. ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുത്താതെ പാതയോരത്ത് ഒതുക്കി കുട്ടികളെ സുരക്ഷിതരാക്കിയ ശേഷമാണ് നെഞ്ചുവേദനയുടെ കാര്യം ബസിലെ സഹായിയോട് പറഞ്ഞത്. കുട്ടികളെ സുരക്ഷിതമായി വീടുകളിലെത്തിക്കണമെന്ന് പറഞ്ഞ ശേഷം നന്ദകുമാർ ഓട്ടോയിൽ ജില്ലാ ആശുപത്രിയിലേക്ക് പോയി. വേദനയ്ക്കിടയിലും സ്കൂളിൽ വിളിച്ച് ഡ്രൈവറെ ഏർപ്പെടുത്തണമെന്ന് പറയാൻ നന്ദകുമാർ മറന്നില്ല. ജില്ലാ ആശുപത്രിയിൽ ചികിത്സ തുടങ്ങുന്നതിനിടെ മരണം സംഭവിച്ചു. മറ്റൊരു ഡ്രൈവറെ വരുത്തി കുട്ടികളെ സ്‌കൂൾ അധികൃതർ സുരക്ഷിതമായി വീടുകളിലെത്തിച്ചു. ബസിലുണ്ടായിരുന്ന കുട്ടികളിൽ പലരും നന്ദകുമാറിന്റെ മരണവിവരം അറിഞ്ഞില്ല. ഷൈലജയാണ് ഭാര്യ. മകൻ: മിഥുൻ. സംസ്കാരം ഇന്ന് 12ന് നടക്കും.