കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിന്റെ വിചാരണ കണ്ണൂരിന്റെ പുറത്തേക്ക് മാറ്റണമെന്ന് ഷൂക്കുറിന്റെ കുടുംബം. ഈ ആവശ്യവുമായി ഹെെക്കോടതിയെ സമീപിക്കുമെന്ന് ഷുക്കൂറിന്റെ സഹോദരൻ ദാവൂദ് മുഹമ്മദ് പറഞ്ഞു. ഇപ്പോൾ വിചാരണ നടക്കുന്ന തലശേരിയിൽ സുതാര്യമായ വിചാരണ നടക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ദാവൂദ് മുഹമ്മദ് കൂട്ടിച്ചേർത്തു.
സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. സി.ബി.ഐ എസ്.പി ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തലശേരി സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കല്യാശേരി എം.എൽ.എയായ ടി.വി രാജേഷിനെതിരെ ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്. കേസിൽ 32ാം പ്രതിയായാണ് ജയരാജനെ പ്രതിചേർത്തിരിക്കുന്നത്.
സുപ്രീം കോടതി നിർദ്ദേശിച്ചതിന് ശേഷം മൂന്ന് മാസം കൊണ്ടാണ് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസ് ഈ മാസം 14നാണ് കോടതി പരിഗണിക്കുന്നത്.