s-rajendran-

കൊച്ചി: മൂന്നാറിലെ അനധികൃത കെട്ടിട നിർമ്മാണത്തിൽ പഞ്ചായത്ത് അധികൃതർക്കും എം.എ.ൽഎയ്ക്കും എതിരെ ഹൈക്കോടതിയിൽ ഹർ‌ജി നൽകാൻ അഡ്വക്കേറ്ര് ജനറലിന്റെ ഓഫീസ് തീരുമാനിച്ചു. കോടതി ഉത്തരവ് ലംഘിച്ച് കെട്ടിട്ട നിർമ്മാണം നടത്തിയ സംഭവത്തിലാണ് മൂന്നാർ എം.എൽ.എ എസ്.രാജേന്ദ്രനേയും പഞ്ചായത്ത് അധികൃതരേയും എതിർകക്ഷികളാക്കി നാളെ ഹൈക്കോടതിയിൽ ഹർജി നൽകാൻ എ.ജിയുടെ ഓഫീസ് തീരുമാനിച്ചത്.

എം.എൽ.എയെ എ.ജിയുടെ ഓഫീസ് സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് എം.എൽ.എയ്ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ എ.ജിയുടെ ഓഫീസ് തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിലാവും നാളെ ഹർജി സമർപ്പിക്കുന്നത്.

ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തിയ ദേവികുളം സബ് കളക്ടർ രേണുരാജ് അനധികൃത കെട്ടിട്ട നിർമ്മാണത്തെക്കുറിച്ചും എം.എൽ.എയുടെ പരാമർശത്തെക്കുറിച്ചും അഡ്വക്കറ്റ് ജനറൽ സുധാകർ പ്രസാദിനെ നേരിൽ കണ്ട് അറിയിച്ചിരുന്നു.

മൂന്നാർ എം.എൽ.എ എസ്.രാജേന്ദ്രൻ, മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കറുപ്പ് സ്വാമി, പഞ്ചായത്ത് മെമ്പർ വിജയകുമാര്‍, പഞ്ചായത്ത് സെക്രട്ടറി, കരാറുകാരൻ എന്നീ അ‍ഞ്ച് പേരെ എതിർ കക്ഷികളാക്കിയാവും നാളെ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുക.