തിരുവനന്തപുരം : അനന്തപുരിയുടെ തിലകക്കുറിയായ ആറ്റുകാൽ ദേവീ ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ഇന്ന് കൊടിയേറുന്നതോടെ സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നും എത്തുന്ന ലക്ഷക്കണക്കിന് സ്ത്രീ ഭക്തരെ വരവേൽക്കാൻ തലസ്ഥാന നഗരം ഒരുങ്ങിക്കഴിഞ്ഞു. വിവിധ സർക്കാർ വകുപ്പുകളും നഗരസഭയും ഒറ്റക്കെട്ടായി പ്രവർത്തിച്ചപ്പോൾ ഒരുദിവസം മുമ്പേ പണികൾ പൂർത്തിയായി. അവസാനഘട്ട വിലയിരുത്തലിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആറ്റുകാലിലെത്തും. വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ വി.കെ.പ്രശാന്ത്, വിവിധ വകുപ്പ് മേധാവിമാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുക്കും. പൊതുമരാമത്ത്, കെ.എസ്.ഇ.ബി, ഇറിഗേഷൻ വകുപ്പുകളുടെ പ്രവൃത്തികൾ പൂർത്തിയായി കഴിഞ്ഞു. വാട്ടർ അതോറിട്ടി താത്കാലിക പൈപ്പുകളും, ഷവറുകളും സ്ഥാപിക്കുന്നതിനുള്ള പണികൾ ഇന്നലെ ആരംഭിച്ചു. മൈനർ ഇറിഗേഷന്റെ പ്രവൃത്തികൾ ചിലത് മാത്രമാണ് ഇനി അവശേഷിക്കുന്നതെന്ന് വാർഡ് കൗൺസിലർ ബീന അറിയിച്ചു.
നഗരത്തിലേക്ക് ഒഴുകിയെത്തുന്ന ഭക്തർക്ക് സൗകര്യമൊരുക്കുന്ന അവസാനവട്ട ഒരുക്കത്തിലാണ് നഗരസഭ. ഉത്സവ മേഖലയിൽ ശുചിത്വം ഉറപ്പാക്കുന്നതിനും ചെറുകടകളിലും വലിയ ഹോട്ടലുകളിലും ഉൾപ്പെടെ ഗുണനിലവാരമുള്ള ഭക്ഷണം വിളമ്പുന്നതിനുമാണ് മുൻഗണന. പൂർണമായും പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.
കടകൾക്ക് ലൈസൻസ് നിർബന്ധം
ഉത്സവ മേഖലയിൽ താത്കാലിക കട നടത്തുന്നതിന് നഗരസഭ ലൈസൻസ് നിർബന്ധമാക്കിയിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് കട നടത്തേണ്ടവർ മണക്കാട് ഹെൽത്ത് സർക്കിൾ ഓഫീസിൽ നിന്നും, സമീപ പ്രദേശങ്ങളിൽ കച്ചവടം നടത്തേണ്ടവർ അതത് സർക്കിളിൽ നിന്നും ലൈസൻസ് വാങ്ങണം. അന്നദാനം നടത്തുന്ന സംഘടകൾ ഉൾപ്പെടെ രജിസ്ട്രേഷൻ പൂർത്തിയാക്കണം. സ്മാർട്ട് ട്രിവാൻഡ്രം എന്ന മൊബൈൽ അപ്ലിക്കേഷനിലൂടെയും രജിസ്റ്റർ ചെയ്യാം.
പ്രത്യേക 'ടീം"
ശുചീകരണത്തിന് 1300 സ്ഥിരം ജീവനക്കാരും 2250 താത്കാലിക ജീവനക്കാരും ഉൾപ്പെടെ 3550 പേർ രംഗത്തിറങ്ങും. 95 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, 26 ഹെൽത്ത് ഇൻസ്പെക്ടർ, 3ഹെൽത്ത് സൂപ്പർവൈസർ, എന്നിവരടങ്ങുന്ന സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ, ഹെൽത്ത് ഓഫീസർ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. പൊങ്കാലയ്ക്ക് ശേഷം മാലിന്യം നീക്കം ചെയ്യാൻ 60 ലോറി, 25 പിക്കപ്പ് ആട്ടോ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ജലവിതരണത്തിന് 7വാട്ടർ ടാങ്കർ ലോറി, 25വാട്ടർ ടാങ്ക് വിവിധയിടങ്ങളിൽ വാട്ടർ കിയോസ്കുകൾ എന്നിങ്ങനെ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പൊങ്കാലയ്ക്ക് ശേഷം ചുടുകട്ടകൾ ശേഖരിക്കാൻ 250 പേരെ നിയോഗിച്ചിട്ടുണ്ട്. ക്ഷേത്രവളപ്പിൽ പ്രവർത്തിക്കുന്ന നഗരസഭ കൺട്രോൾറൂം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
ഈ മേഖലകൾ നിരീക്ഷണത്തിൽ
പൊങ്കാല നടക്കുന്ന മണക്കാട്, ഫോർട്ട്, ചാല, ചെന്തിട്ട, ബീച്ച്,പൂന്തുറ, സെക്രട്ടേറിയറ്റ്, പാളയം, ജഗതി, തിരുവല്ലം, നന്ദൻകോട് സർക്കിളുകളിൽ ഇന്നുമുതൽ നഗരസഭ 24 മണിക്കൂർ കർശന നിരീക്ഷണം ഉറപ്പാക്കും. നഗരത്തിൽ മാലിന്യങ്ങൾ തള്ളുന്ന കേന്ദ്രങ്ങളായതിനാലാണ് ഈ പ്രദേശത്ത് പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചത്. ഈ പ്രദേശങ്ങളിൽ അലഞ്ഞുതിരിയുന്ന പട്ടികളെ പിടിക്കാൻ ഡോഗ് സ്ക്വാഡിന് നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു.
പ്ലാസ്റ്റിക് ഉപേക്ഷിക്കാം
ഉത്സവമേഖലയിൽ പ്ലാസ്റ്റിക് പരിശോധനയ്ക്കായി പൊലീസ് സഹായത്തോടെ പ്രത്യേക സ്ക്വാഡ് കടകളിൽ നിന്നും വഴിയോരക്കച്ചവടക്കാരിൽ നിന്നും പ്ലാസ്റ്റിക് പിടിച്ചെടുക്കും. ഭക്തർക്ക് പ്ലാസ്റ്റിക് മാലിന്യം ഉണ്ടെങ്കിൽ നിക്ഷേപിക്കാൻ വിവിധയിടങ്ങളിൽ ബിന്നുകൾ സ്ഥാപിക്കും. ഗ്രീൻആർമി പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഗ്രീൻപ്രോട്ടോക്കോൾ നടപ്പിലാക്കുന്നത്. സ്റ്റീൽ പാത്രങ്ങളിൽ മാത്രം ഭക്ഷണം വിളമ്പാൻ സംഘടനകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അന്നദാനം നടത്തുന്ന സംഘടനകൾക്ക് നൽകാനായി 2400 സ്റ്റീൽ പാത്രങ്ങളും 7500ഗ്ലാസുകളും നഗരസഭ ശേഖരിച്ചിട്ടുണ്ട്.