തിരുവനന്തപുരം: ലോക മിഴികൾ അനന്തപുരിയിലേക്ക് തുറന്ന് ആറ്റുകാലമ്മയുടെ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം. രാത്രി 10.20ന് തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെയും മേൽശാന്തി എൻ. വിഷ്ണു നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിന് തുടക്കമാകും. 20നാണ് പൊങ്കാല. ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം പ്രസിഡന്റ് അറിയിച്ചു. പന്തലുകളും ക്ഷേത്രത്തിന് മുന്നിൽ താത്കാലിക നടപ്പന്തലും, തിരക്ക് നിയന്ത്രിക്കാൻ ബാരിക്കേഡുകളും നിർമ്മിച്ചു. ക്ഷേത്രവും പരിസരവും വൈദ്യുത ദീപങ്ങളിൽ തിളങ്ങുകയാണ്. ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ആറ്റുകാലിലെത്തും.
ദേവിയുടെ തിരുനടയിൽ പൊങ്കാലയർപ്പിക്കുന്നതിന് ഭക്തർ ഇപ്പോഴേ ഇടം പിടിച്ചു കഴിഞ്ഞു.ക്ഷേത്രനടയിൽ രണ്ട് ലക്ഷം പേർക്ക് പൊങ്കാലയിടാം. ഒപ്പം പഴയ വെടിപ്പുരയും സമീപത്തെ മറ്റൊരു സ്ഥലവുമുൾപ്പെടെയുള്ള ഒന്നരയേക്കറും ക്രമീകരിച്ചിട്ടുണ്ട്. തോറ്റംപാട്ടും ഇന്ന് തുടങ്ങും.
അംബ, അംബിക, അംബാലിക ആഡിറ്റോറിയങ്ങളിൽ കലാപരിപാടികളുമുണ്ടാകും. കലാപരിപാടികൾ ഇന്ന് വൈകിട്ട് 6.30ന് നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. ആറ്റുകാൽ ദേവീക്ഷേത്രം ട്രസ്റ്റിന്റെ അംബാ പുരസ്കാരം പാലിയം ഇന്ത്യ ചെയർമാൻ ഡോ. എം.ആർ. രാജഗോപാലിന് സമ്മാനിക്കും. ഉത്സവദിവസങ്ങളിൽ അംബ, കാർത്തിക ആഡിറ്റോറിയങ്ങളിൽ അന്നദാനവുമുണ്ടായിരിക്കും.
ക്ഷേത്രത്തിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് ശക്തമായ സുരക്ഷയിൽ അപ്പം, അരവണ, മോദകം എന്നിവയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഒരു ദിവസത്തേക്ക് ഒന്നരലക്ഷത്തോളം അപ്പം, അരവണ പായ്ക്കറ്റുകളാണ് ഒരുക്കുന്നത്. അരഡസനടങ്ങിയ അപ്പ പായ്ക്കറ്റിന് 20ഉം, 250 മില്ലി. ലിറ്റർ അരവണയ്ക്ക് 50 രൂപയുമാണ് വില. പഴയിടം മോഹനൻ നമ്പൂതിരിയാണ് ഭക്തർക്ക് ഭക്ഷണം ഒരുക്കുന്നത്.
ഹരിതചട്ടം പാലിച്ചാൽ പുരസ്കാരം
റോഡുകളുടെ അറ്റകുറ്റപ്പണി, നിർമ്മാണങ്ങൾ, അഴുക്കുചാൽ ശുചീകരണം എന്നിവ നഗരസഭയുടെ നേതൃത്വത്തിൽ പൂർത്തിയാക്കി. ശുചിത്വമിഷന്റെ ഹരിതചട്ടം പാലിച്ച് അന്നദാനം നടത്തുന്ന സംഘടനകൾ, വ്യക്തികൾ എന്നിവയ്ക്ക് നഗരസഭയുടെ പുരസ്കാരവുമുണ്ടാകും. പൊങ്കാല കഴിഞ്ഞുള്ള ഇഷ്ടിക ശേഖരിച്ച് പാവപ്പെട്ടവർക്കു വീട് നിർമ്മിക്കാൻ നൽകും.
ഉത്സവമേഖലകളിൽ 12 മുതൽ 21 വരെ പ്ലാസ്റ്റിക് നിരോധിച്ചു. അന്നദാനവും കുടിവെള്ളവും വിതരണം ചെയ്യുന്നവർ നഗരസഭയുടെ സ്മാർട്ട്ട്രിവാൻഡ്രം മൊബൈൽ ആപ്പിലൂടെ 17നകം രജിസ്റ്റർ ചെയ്യണം. നഗരസഭാ മെയിൻ ഓഫീസിലെ പ്രോജക്ട് സെക്രട്ടേറിയറ്റിലും, ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസുകളിലും നേരിട്ട് രജിസ്റ്റർ ചെയ്യാം. പാചകം ചെയ്യുന്ന സ്ഥലത്തെ പ്ലാസ്റ്റിക് പായ്ക്കറ്റുകൾ ശേഖരിച്ച് വൃത്തിയാക്കി നഗരസഭയുടെ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി കേന്ദ്രങ്ങളിലെത്തിക്കണം. റിക്കവറി ഫെസിലിറ്റികളുടെ സ്ഥാനം മൊബൈൽ ആപ്പിൽ ലഭ്യമാണ്. ജൈവമാലിന്യ സംസ്കരണത്തിന് ബന്ധപ്പെട്ട സംഘടനകൾ സംവിധാനമൊരുക്കും.
ഹരിതചട്ട പ്രചാരണത്തിന് 500 അംഗ സന്നദ്ധ പ്രവർത്തകരുമായി ഗ്രീൻ ആർമിയുമുണ്ട്. പൊങ്കാല കഴിഞ്ഞുള്ള ശുചീകരണത്തിന് നഗരസഭയുടെ 2250 ജീവനക്കാരും തയ്യാർ. ഹരിത പെരുമാറ്റച്ചട്ടം മികച്ച രീതിയിൽ നടപ്പാക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും കാഷ് അവാർഡും ഫലകവും നൽകും.
കെ.എസ്.ആർ.ടി.സി അധിക സർവീസ്
ആറ്റുകാലിലേക്ക് കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ് നടത്തും. റെയിൽവേയും പ്രത്യേക സർവീസുകളൊരുക്കും. തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്കും തിരിച്ചും പ്രത്യേക പാസഞ്ചർ സർവീസുണ്ടാകും. പൊങ്കാലദിവസം തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിലെ എല്ലാ സ്റ്റേഷനുകളിലും എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ട്.
പൊലീസ് സജ്ജം
സുരക്ഷയ്ക്കായി 3500 പൊലീസുകാരെയാണ് നിയോഗിക്കുക. ക്ഷേത്രത്തിലെയും പരിസരത്തെയും സുരക്ഷാചുമതലയ്ക്കായി 2000 വനിതാ പൊലീസുമുണ്ട്. സി.സി.ടി.വി കാമറകൾ കൂടാതെ ഡ്രോൺ നിരീക്ഷണവുമുണ്ടാകും. മാല മോഷ്ടാക്കൾ, പോക്കറ്റടിക്കാർ, സാമൂഹ്യ വിരുദ്ധർ, മദ്യ, മയക്കുമരുന്ന് കച്ചവടക്കാർ എന്നിവരെയെല്ലാം കുരുക്കും. പി.ആർ.എസ് ജംഗ്ഷനിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള ബണ്ട് റോഡ് ബാരിക്കേഡുകൾ സ്ഥാപിച്ച് സുരക്ഷിതമാക്കി. ക്ഷേത്രപരിസരത്തെ പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് പട്രോളിംഗുണ്ടാകും. ഉത്സവ മേഖലയിൽ രാവും പകലുമുണ്ടാകും 10 ബൈക്കുകൾ പട്രോളിംഗിനുണ്ടാകും. പ്രധാന റോഡുകളിലും ഇടവഴികളിലും പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് മഫ്തി പൊലീസും പൂവാലശല്യം ഒഴിവാക്കാൻ ഷാഡോ പൊലീസും രംഗത്തുണ്ട്. പൊങ്കാലയുമായി ബന്ധപ്പെട്ട് സന്നദ്ധസംഘടനകൾ, ക്ലബുകൾ തുടങ്ങിയവയുടെ നിർബന്ധ പിരിവ് വിലക്കി. ഗതാഗതം തടസപ്പെടുത്തുന്ന തരത്തിലുള്ള വഴിയോരക്കച്ചവടവും പാർക്കിംഗും അനുവദിക്കില്ല. പൊലീസിനൊപ്പം ഓരോ പോയിന്റിലും പത്തു മുതൽ 15 വരെ റസിഡന്റ്സ് അസോസിയേഷൻ വോളന്റിയർമാർ പ്രത്യേക യൂണിഫോമിലുണ്ടാകും. 90 ഫയർഫോഴ്സ് പോയിന്റുകളും എട്ട് ടെന്റുകളുമുണ്ടാകും.