തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ 10 നൂതന സംവിധാനങ്ങൾ നാളെ രാവിലെ 11 മണിക്ക് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. ലിനാക് ബ്ലോക്ക്, കാൻസർ രജിസ്ട്രി, ന്യൂറോ സർജറി ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പ്, അത്യാധുനിക 3 ഡി കളർ ഡോപ്ലർ എക്കോ മെഷീൻ, സമ്പൂർണ ഡിജിറ്റൽ എക്സ്റേ, നവീകരിച്ച വാർഡ് 22, പ്രീപെയ്ഡ് ആംബുലൻസ് സംവിധാനം, ബയോഗ്യാസ് പ്ലാന്റുകൾ, രണ്ടാമത്തെ മെഡിസിൻ ഐ.സി.യു, പീഡിയാട്രിക് കാർഡിയോളജി സർജറി, പുതിയ വെബ് പോർട്ടൽ എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുന്നത്.
ലിനാക് ബ്ലോക്ക് നിർമ്മാണോദ്ഘാടനം
കാൻസർ രോഗികൾക്ക് ആശ്വാസമായ നൂതന റേഡിയേഷൻ ചികിത്സയ്ക്കുള്ള 25 കോടിയോളം രൂപ വരുന്ന ലീനിയർ ആക്സിലറേറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സ്ഥാപിക്കാനായുള്ള ലിനാക് ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനമാണ് ആദ്യത്തേത്. ഒ.പി ബ്ലോക്കിനും പി.ഡബ്ലിയു.ഡി ബിൽഡിംഗിനും ഇടയ്ക്കുള്ള സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുന്നത്. മെഡിക്കൽ കോളേജിന് അനുവദിച്ച 18.05 കോടി രൂപ വരുന്ന ലീനിയർ ആക്സിലറേറ്റർ, 4 കോടി രൂപയുടെ സി.ടി സിമുലേറ്റർ, 1.8 കോടി രൂപയുള്ള ബ്രാക്കി തെറാപ്പി എന്നിവ സ്ഥാപിക്കാനാണ് ലിനാക്ക് ബ്ലോക്ക് നിർമ്മിക്കുന്നത്.
എൻ.സി.ഡി.ഐ.ആർ. കാൻസർ രജിസ്ട്രി
കേരള കാൻസർ കൺട്രോൾ സ്ട്രാറ്റജി പ്രകാരം സംസ്ഥാനത്ത് ജനസംഖ്യാധിഷ്ഠിത കാൻസർ കൺട്രോൾ രജിസ്ട്രി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഇതിന്റെ ഭാഗമായി മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ചും രജിസ്ട്രി സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിച്ചു വരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 2000 വർഷം മുതൽ കാൻസർ രോഗികളുടെ രോഗവിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്ന രജിസ്ട്രി ലഭ്യമാണ്.
ന്യൂറോ സർജറി ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പ്
ലോകത്തെ വൻകിട ആശുപത്രികളിൽ മാത്രം ഉപയോഗിച്ചുവരുന്ന അത്യാധുനിക ഉപകരണമാണ് സർജറി ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പ്. ഇൻഫോസിസിസാണ് രണ്ടരക്കോടിരൂപ ചെലവഴിച്ച് മൈക്രോസ്കോപ്പ് മെഡിക്കൽ കോളേജിന് വാങ്ങി നൽകിയത്. തലച്ചോറിലെ അന്യൂറിസം അഥവാ ധമനിവീക്കം കൃത്യമായി കണ്ടെത്താൻ ഇതിലൂടെ കഴിയും. മുഴകൾ ക്ലിപ്പ് ചെയ്യുന്ന അവസരത്തിൽ ഉണ്ടാകുന്ന രക്ത ധമനികളിലെ തകരാർ കൃത്യമായി കണ്ടെത്താനും സാധിക്കും.
3 ഡി കളർ ഡോപ്ലർ എക്കോ മെഷീൻ
ഹൃദയ വാൽവിന്റെ പ്രവർത്തനങ്ങൾ, പ്രവർത്തനക്ഷമത, തകരാറുകൾ, ജന്മനായുള്ള ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ കണ്ടെത്തുന്നതിനുള്ളതാണ് 85 ലക്ഷം രൂപ വിലവരുന്ന അത്യാധുനിക 3 ഡി കളർ ഡോപ്ലർ എക്കോ മെഷീൻ. കാൻസർ രോഗികൾക്ക് കീമോ തെറാപ്പി നൽകുമ്പോൾ പാർശ്വഫലമായി ഹൃദയ മാംസ പേശികൾക്കുണ്ടാകുന്ന തകരാറുകൾ നേരത്തേ കണ്ടുപിടിച്ച് ചികിത്സിക്കാനും ഇതിലൂടെ സാധിക്കുന്നു. കീമോ തെറാപ്പിയുടെ അളവ് കുറയ്ക്കാനും കഴിയും.
40 ലക്ഷം രൂപ വിലയുള്ള രണ്ട് സി.ആർ ഉപകരണങ്ങളാണ് പുതുതായി സജ്ജമാക്കിയിരിക്കുന്നത്.
നവീകരിച്ച വാർഡ് 22
ഇ.എൻ.ടി മെഡിസിൻ വിഭാഗങ്ങളിലെ രോഗികളെ ചികിത്സിക്കുന്ന സ്ഥലമാണ് വാർഡ് 22. അപര്യാപ്തതകൾ പരിഹരിച്ച് രോഗികൾക്ക് മെച്ചപ്പെട്ട സൗകര്യമൊരുക്കുന്ന തരത്തിലാണ് ഈ വാർഡ് നവീകരിച്ചിട്ടുള്ളത്. 60 കിടക്കകളുള്ള ഈ വാർഡിൽ 25 കിടക്കകൾ ഇ.എൻ.ടി ക്കും 35 കിടക്കകൾ മെഡിസിൻ വിഭാഗത്തിനുമാണുള്ളത്.
പ്രീപെയ്ഡ് ആംബുലൻസ് സംവിധാനം
ആംബുലൻസുകാർ അമിത ചാർജ് ഈടാക്കുന്നു എന്ന പരാതികൾ വ്യാപകമാണ്. ആംബുലൻസ് സംവിധാനം കുറ്റമറ്റതാക്കാനും രോഗികൾക്ക് ന്യായമായ തുകയ്ക്ക് ആംബുലൻസ് സൗകര്യം ലഭ്യമാക്കാനും ഉദ്ദേശിച്ചു നടപ്പാക്കിയതാണ് പ്രീപെയ്ഡ് ആംബുലൻസ് സംവിധാനം. മത്സരങ്ങളില്ലാതെ ആംബുലൻസുകൾക്ക് അവരവരുടെ ടേൺ അനുസരിച്ച് രോഗികളെ കയറ്റാനുള്ള അവസരം പുതിയ സംവിധാനത്തോടെ വന്നുചേരും.
ബയോഗ്യാസ് പ്ലാന്റ്
93 ലക്ഷം രൂപ ചെലവഴിച്ച് കാമ്പസിന്റെ വിവിധ ഭാഗങ്ങളിലായി ആറ് ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിച്ചു. പി.ഐ.പി.എം.എസ്, വിമെൻസ് ഹോസ്റ്റൽ വളപ്പിലും എസ്.എ.ടി ആശുപത്രി പരിസരത്തും 600 കിലോഗ്രാമിന്റെ രണ്ടും ലേഡീസ് ഹോസ്റ്റൽ, മെൻസ് ഹോസ്റ്റൽ വളപ്പിൽ 200 കിലോഗ്രാമിന്റെ ഓരോന്നും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, പുതിയ ഒ.പി. ബ്ലോക്ക് എന്നിവിടങ്ങളിൽ 500 കിലോഗ്രാമിന്റെ ഓരോ ബയോഗ്യാസ് പ്ലാന്റുമാണ് സ്ഥാപിച്ചത്.
രണ്ടാമത്തെ മെഡിസിൻ ഐ.സി.യുനിലവിലുള്ള മെഡിസിൻ തീവ്ര പരിചരണ വിഭാഗത്തിന് പുറമേ മറ്റൊരു എം.ഐ.സി.യു കൂടി സജ്ജമാക്കുകയാണ്. നിലവിലുണ്ടായിരുന്ന കാർഡിയോളജി ഐ.സി.യു പുതിയ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് മാറ്റിയിരുന്നു. ഈ സ്ഥലത്താണ് 10 കിടക്കകളുള്ള രണ്ടാമത്തെ എം.ഐ.സി.യു സജ്ജമാക്കുന്നത് .
പീഡിയാട്രിക് കാർഡിയോളജി സർജറി
എസ്.എ.ടി ആശുപത്രിയുടെ ദീർഘകാല സ്വപ്നമായ പീഡിയാട്രിക് കാർഡിയോളജി സർജറി യാഥാർത്ഥ്യമാകുകയാണ്. തിയേറ്ററിന് ആവശ്യമായ 80 ലക്ഷം രൂപയുടെ ഹാർട്ട് ലംഗ് മെഷീൻ, വെന്റിലേറ്റർ, മറ്റ് അനുബന്ധ ഉപകരണങ്ങളെല്ലാം എത്തിയതിനാൽ രോഗികൾക്ക് ചികിത്സ വൈകാതിരിക്കാൻ എസ്.എ.ടിയിൽ നിർമ്മിക്കുന്ന ഓപ്പറേഷൻ തിയേറ്ററിന്റെ നിർമാണപ്രവർത്തനം പൂർത്തിയാകുന്നതുവരെ മെഡിക്കൽ കോളേജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ തിയേറ്ററിലാണ് ഉപകരണങ്ങൾ സ്ഥാപിച്ച് ചികിത്സ ആരംഭിക്കുന്നത്.
പുതിയ വെബ് പോർട്ടൽ
സംയോജിത അക്കാഡമിക് മാനേജ്മെന്റ് സംവിധാനത്തോടു കൂടിയ പുതിയ വെബ് പോർട്ടലിനും മെഡിക്കൽ കോളേജിൽ തുടക്കമാകുകയാണ്. മെഡിക്കൽ കോളേജിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി വളരെയധികം പ്രയോജനപ്പെടത്തക്ക വിധത്തിലാണ് വെബ് പോർട്ടലിന് രൂപം നൽകിയിരിക്കുന്നത്.