തിരുവനന്തപുരം: ഒ.എൻ.വിയുടെ മൂന്നാം സ്മൃതി വാർഷിക ദിനം ഒ.എൻ.വി കൾചറൽ അക്കാഡമിയും ഭാരത് ഭവനും സംയുക്തമായി ആചരിക്കുന്നു. നാളെ ഭാരത് ഭവനിലും ടാഗോർ തിയേറ്ററിലുമായി സെമിനാർ, ഒ.എൻ.വി സ്മൃതി സന്ധ്യ എന്നിവ ഒരുക്കിയാണ് സ്മൃതി ദിനം ആചരിക്കുന്നത്. രാവിലെ 10 മണിക്ക് ഭാരത് ഭവനിൽ പ്രഭാവർമ്മ മോഡറേറ്ററായുള്ള സെമിനാറിൽ ഡോ പി. സോമൻ 'ഒ.എൻ.വിയുടെ കാവ്യ സംസ്കൃതി' എന്ന വിഷയത്തിലും, ഡോ.ബെറ്റി മോൾ മാത്യു 'ഒ.എൻ.വിയുടെ നാടക ഗാനങ്ങളിലെ ഗ്രാമീണത' എന്ന വിഷയത്തിലും, ഡോ.എം.എ സിദ്ധിഖ് 'ഒ.എൻ.വിയുടെ എഴുത്തു മുറി' എന്ന വിഷയത്തിലും പ്രബന്ധങ്ങൾ അവതരിപ്പിക്കും.
തുടർന്ന് വൈകിട്ട് ആറ് മണിക്ക് ടാഗോർ തിയേറ്ററിൽ സ്മൃതി സന്ധ്യയുടെ ഉദ്ഘാടനം മന്ത്രി എ.കെ. ബാലൻ നിർവഹിക്കും. അടൂർ ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ കാനം രാജേന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുക്കും. എം.പി. വീരേന്ദ്രകുമാർ എം.പി അനുസ്മരണ പ്രഭാഷണവും അപർണ രാജീവ് സ്മൃതി ഗീതവും ആലപിക്കും. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങളും സ്മൃതി സന്ധ്യയിൽ പങ്കെടുക്കും. സ്മൃതി സന്ധ്യയ്ക്ക് ശേഷം ഒ.എൻ.വി ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള സംഗീതസന്ധ്യ അരങ്ങേറും.