കോവളം: കടൽക്കാഴ്ച ആസ്വദിക്കുന്നതിനായി 4 വർഷം മുമ്പ് കോവളം തീരത്ത് കോടികൾ ചെലവിട്ട് ടൂറിസം വകുപ്പ് പണി പൂർത്തിയാക്കിയ നിശബ്ദ താഴ്വര (സൈലന്റ് വാലി) ഇതുവരെ സഞ്ചാരികൾക്കായി തുറന്നുകൊടുത്തിട്ടില്ല.
വൻതുക ചെലവിട്ടാണ് പണികൾ പൂർത്തിയാക്കിയതെങ്കിലും നിലവിൽ നല്ലൊരു നടപ്പാതപോലും ഇല്ലാത്ത നിശബ്ദ താഴ്വര ഇന്ന് ഇഴജന്തുക്കളടക്കമുള്ള ജീവികളുടെ താവളമാണ്. കോവളം ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററിനും സർക്കാർ ഗസ്റ്റ് ഹൗസിനുമിടയിലായാണ് നിശബ്ദ താഴ്വര സ്ഥിതി ചെയ്യുന്നത്.
മരങ്ങൾ നിറഞ്ഞ് കാടിന്റെ പ്രതീതിയുണ്ടാക്കുന്ന, നാലുവശത്തു നിന്നും താഴേക്കു ചരിവുള്ള പ്രദേശമായ ഇവിടെ മയിലും കുരങ്ങുമുൾപ്പെടെയുള്ളവയുണ്ട്. താഴ്വരയിൽ നിന്ന് ലൈറ്റ് ഹൗസ് ബീച്ചു വരെയുള്ള വിശാല കാഴ്ചയും ലഭിക്കും. ഗസ്റ്റ് ഹൗസിനോട് ചേർന്ന് തിരുവിതാംകൂർ രാജകുടുംബം ഉപയോഗിച്ചിരുന്ന നീന്തൽക്കുളമുൾപ്പെടെയുള്ള മൂന്നേക്കർ സ്ഥലമാണ് പദ്ധതിക്കായി വിനിയോഗിച്ചത്. മുമ്പ് കാടുപിടിച്ചു കിടന്നിരുന്ന സ്ഥലത്തിന്റെ പരിസരത്തിന് വലിയ മാറ്റം വരുത്താതെയാണ് പദ്ധതി നടപ്പാക്കിയത്.
തീരദേശവികസന കോർപറേഷനായിരുന്നു നിർമാണചുമതല. എന്നാൽ നിർമ്മാണം പൂർത്തിയാക്കിയിട്ടും സഞ്ചാരികൾക്ക് തുറന്ന് കൊടുക്കാൻ വകുപ്പ് അധികൃതർ തയ്യാറായിട്ടില്ല. കോടികൾ മുടക്കി നിർമ്മിച്ച കെട്ടിടങ്ങൾ നശിക്കുമ്പോൾ വൻതുക ചെലവിട്ട് വീണ്ടും പുതിയ പദ്ധതികൾ ആരംഭിക്കാനൊരുങ്ങുന്ന ടൂറിസം വകുപ്പിന്റെ നടപടികൾ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രമായ കോവളത്ത് അവഗണിക്കപ്പെടുന്ന പദ്ധതികളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് നിശബ്ദ താഴ്വരയും.
ഇവിടെയുള്ളത്
സൂര്യസ്നാനത്തിനും കടൽക്കാഴ്ച ആസ്വദിക്കുന്നതിനുമുള്ള പ്രത്യേക ഇരിപ്പിടങ്ങൾ, കടലിൽ ഇറങ്ങിയശേഷം തിരിച്ചെത്തുന്നവർക്ക് ശുദ്ധമായ വെള്ളത്തിൽ കുളിക്കുന്നതിനുള്ള ഷവർ ബ്ലോക്സ്, കോഫിബാർ, ലൈബ്രറി, ഉദ്യാനം, റിസപ്ഷൻ ബ്ലോക്ക്, സെക്യൂരിറ്റി കാബിൻ, ബീച്ചിലേക്കുള്ള നടപ്പാത, പുൽത്തകിടി, വർണവിളക്കുകൾ എന്നിവയാണ് രണ്ട് ഘട്ടങ്ങളിലായി കോടികൾ ചെലവിട്ട് നിർമ്മിച്ചത്.
കോവളത്തെ നിശബ്ദതാഴ്വരയുടെ പരാധീനതകൾ ശ്രദ്ധയിൽപ്പെട്ടു. മുടങ്ങിയ പദ്ധതിക്ക് ഉടൻ പരിഹാരം കാണും.
പി. ബാലകിരൺ, ടൂറിസം ഡയറക്ടർ