തിരുവനന്തപുരം: ടെക ്സചറിന് പ്രാധാന്യം നൽകിക്കൊണ്ട് കാലിക പ്രസക്തിയുള്ള ചിത്രങ്ങളാൽ സന്ദർശകർക്ക് കൗതുകവും പുത്തൻ ചിന്തകളും പകർന്ന് നൽകുകയാണ് മെഡിക്കൽ ഫോട്ടോഗ്രാഫറായിരുന്ന കനകാസനൻ എന്ന ചിത്രകാരൻ. വ്യത്യസ്ഥമായ വിഷയങ്ങൾ കൊണ്ടും ചിത്രരചനയിലെ വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമാവുകയാണ് മ്യൂസിയം ആഡിറ്റോറിയത്തിൽ നടക്കുന്ന ഇദ്ദേഹത്തിന്റെ ചിത്ര പ്രദർശനം.
പ്രത്യേകിച്ച് ഒരു പേരോ വിഷയമോ ഇല്ലാതെയാണ് വിഷയ വെെവിദ്ധ്യങ്ങളാൽ കനകാസനൻ തന്റെ ചിത്രപ്രദർശനം ഒരുക്കിയിരിക്കുന്നത്. സാമൂഹ്യ പ്രസക്തിയുള്ള നിരവധി വിഷയങ്ങളെ കോർത്തിണക്കി ഏകദേശം 8മാസം സമയമെടുത്ത് പൂർത്തിയാക്കിയ 110ഓളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ചിത്രങ്ങൾ വരച്ച രീതിക്കും നിരവധി പ്രത്യേകതകളുണ്ട്. സാധാരണ കത്തി, ചീട്ട്, ഈർക്കിൽ, ചീർപ്പ്, നൂൽ തുടങ്ങിയ വസ്തുക്കളുപയോഗിച്ചാണ് ടെക്സ്ചറിന് കൂടുതൽ പ്രാധാന്യം നൽകി ചിത്രങ്ങൾ വരച്ചിരിക്കുന്നത്. ടെക്സ്ചറിന് വളരെയധികം പ്രാധാന്യം നൽകുന്നതു കൊണ്ട് തന്നെ ഓരോ ചിത്രം വരയ്ക്കാനും വളരെയധികം സമയമെടുത്തിട്ടുണ്ടെന്ന് കനകാസനൻ പറയുന്നു. ടെക്സചറിന് കൂടുതൽ പ്രാധാന്യം നൽകുന്നതിനായി സ്വന്തമായി പ്രത്യേകതരം ബ്രഷും ഇദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്.
ചെറുപ്പത്തിലേ ചിത്രരചനയോട് താത്പര്യമുണ്ടായിരുന്ന കനകാസനൻ ശാസ്ത്രീയമായി ചിത്രരചന പഠിച്ചിട്ടില്ല. ബി.എസ്.സിയും ബി.എഡും കഴിഞ്ഞിരിക്കുന്ന സമയത്ത് ജ്യേഷ്ഠൻ സ്റ്റുഡിയോ തുടങ്ങിയപ്പോൾ കനകാസനൻ അവിടെ നിന്ന് ഫോട്ടോഗ്രഫി പഠിച്ചു. തുടർന്ന് മെഡിക്കൽ ഫോട്ടോഗ്രഫി റാങ്കോടെ പാസായതിന് ശേഷം 20വർഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡികോ ഫോട്ടോഗ്രാഫറായിരുന്നു. ജോലിക്കിടയിലും ചിത്രരചനയെ കൂടെക്കൂട്ടിയെങ്കിലും 20വർഷം മുൻപ് പെൻഷനായതിന് ശേഷമാണ് മുഴുവൻ സമയവും ചിത്രരചനയ്ക്കായി കനകാസനൻ മാറ്റി വയ്ക്കുന്നത്. തുടർന്നിങ്ങോട്ട് നിരവധി ഗ്രൂപ്പ് പ്രദർശനങ്ങളും ഏകാംഗ പ്രദർശനങ്ങളും കനകാസൻ സംഘടിപ്പിച്ചു. മികച്ച ചിത്രരചനയ്ക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ അഞ്ചാമത്തെ ഏകാംഗ ചിത്രപ്രദശനമാണ് മ്യൂസിയം ആഡിറ്റോറിയത്തിലേത്.
ചിത്രരചനയിൽ പുതിയ പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്ന കനകാസനന് കുടുംബത്തിൽ നിന്ന് തന്നെയാണ് വലിയ പ്രോത്സാഹനം ലഭിക്കുന്നത്. അഞ്ച്തെങ്ങ് സ്വദേശിയായ കനകാസനൻ കഴിഞ്ഞ 50 വർഷത്തോളമായി ഉള്ളൂരാണ് താമസം. ചിത്രരചനയോട് താത്പര്യമുള്ള സിനോൾക്ക്, സിമിക് എന്നിവരാണ് മക്കൾ. വീട്ടമ്മയായ തുളസീഭായിയാണ് ഭാര്യ.