വിഴിഞ്ഞം: അർബുദം പടിമുറുക്കുമ്പോഴും ഇച്ഛാശക്തി കൈവിടാതെ ജീവിതത്തോട് പൊരുതി മുന്നേറുന്ന ഒരു നിർദ്ധന യുവാവ് ചികിത്സയ്ക്കായി സുമനസുകളുടെ കനിവ് തേടുകയാണ്. വിഴിഞ്ഞം തെരുവ് പുതുവൽ പുത്തൻവീട്ടിൽ ശിവ സൂര്യയിൽ വാടകയ്ക്ക് താമസിക്കുന്ന വിനോദ് (44) ആണ് തന്റെ തുടർ ചികിത്സയ്ക്കായി കരുണ തേടുന്നത്. സ്വർണപ്പണി ചെയ്തായിരുന്നു ഇയാൾ കുടുംബം പോറ്റിയിരുന്നത്. എന്നാൽ അതിൽ നിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനം തികയാതെ വന്നതോടെ ആട്ടോ ഡ്രൈവറായി. ഇതിനിടെയാണ് രോഗം പിടിപെടുന്നത്. അതോടെ കുടുംബത്തിലുണ്ടായിരുന്ന ഏക വരുമാനം നിലച്ചു. കിടപ്പിലായതോടെ ഭാര്യയും ആറാം ക്ളാസ് വിദ്യാർത്ഥിയായ മകനുമടങ്ങുന്ന കുടുംബം നിത്യ ചെലവിനു തന്നെ തുക കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ്.
സ്വന്തമായി വസ്തുവോ വീടോ ഇല്ലാത്ത ഇയാൾ കഴിഞ്ഞ ഏഴു വർഷമായി സുഹൃത്തിന്റെ കാരുണ്യത്തിലാണ് കഴിയുന്നത്. വാടക കൊടുക്കാൻ പോലും നിവൃത്തിയില്ലെന്ന് വിനോദ് പറയുന്നു. വല്ലപ്പോഴും ആരെങ്കിലും നൽകുന്ന തുകയുടെ ഒരു ഭാഗം വാടകയായി നൽകാറുണ്ട്. അഞ്ച് സഹോദരങ്ങൾ ഉള്ളതിൽ രണ്ടു പേർ വല്ലപ്പോഴും എന്തെങ്കിലും നൽകും. അവരും കൂലിപ്പണിക്കാരാണ്. നാട്ടുകാരും അയൽക്കാരും നൽകുന്ന തുച്ഛമായ തുക കൊണ്ടാണ് ജീവിതം തള്ളി നീക്കുന്നത്. അർബുദത്തോടൊപ്പം പ്രമേഹവും പിടിപെട്ടു. ഇപ്പോൾ രണ്ടുമാസമായി മഞ്ഞപ്പിത്തത്തിന്റെ ലക്ഷണം കണ്ടുതുടങ്ങി. ഇതിനും മരുന്ന് കഴിച്ചു തുടങ്ങി. മരുന്നുവാങ്ങാനായി മാത്രം മാസം ആയിരത്തോളം രൂപ ചെലവാകും.
തന്റെ ചികിത്സാച്ചെലവിനും മകന്റെ വിദ്യാഭ്യാസത്തിനും വേണ്ടി സുമനസുകളെ കാത്ത് വിനോദ് വിജയാ ബാങ്കിന്റെ വിഴിഞ്ഞം ശാഖയിൽ 207301011001416 എന്ന നമ്പരിൽ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. IFSC കോഡ് Vijb 0002073. ഫോൺ: 9847473031