മമ്മൂട്ടി ഇന്ന് തലസ്ഥാനത്തെത്തും. ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കാനാണ് താരം ഏറെക്കാലത്തിന് ശേഷം തിരുവനന്തപുരത്തെത്തുന്നത്. വൈകിട്ട് 6.30നാണ് ഉദ്ഘാടനം. രാവിലെ കൊച്ചിയിൽ നിന്ന് തലസ്ഥാനത്ത് പറന്നിറങ്ങുന്ന മമ്മൂട്ടി ഉച്ചവരെ തിരുവനന്തപുരത്ത് മറ്റ് ചില പരിപാടികളിൽ പങ്കെടുക്കും.
എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന മധുര രാജയുടെ സെറ്റിൽ നിന്നാണ് മമ്മൂട്ടിയുടെ വരവ്. ആറ്റുകാൽ ദേവീക്ഷേത്രത്തിലെ ഉത്സവ കലാപരിപാടികളുടെ ഉദ്ഘാടനത്തിന് ശേഷം സന്ധ്യ കഴിഞ്ഞ് മമ്മൂട്ടി കൊച്ചിയിലേക്ക് മടങ്ങും. റോഡ് മാർഗമാണ് താരത്തിന്റെ മടക്കയാത്ര.
ഫെബ്രുവരി 15ന് എറണാകുളത്ത് മധുര രാജയുടെ ചിത്രീകരണം പൂർത്തിയാകും. ഉദയകൃഷ്ണയുടെ രചനയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജ വിഷുവിനാണ് തിയേറ്ററുകളിലെത്തുന്നത്. മധുര രാജ പൂർത്തിയാക്കിയശേഷം ഫെബ്രുവരി പതിനേഴ് മുതൽ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഉണ്ടയുടെ അവസാന ഘട്ട ചിത്രീകരണത്തിൽ മമ്മൂട്ടി ജോയിൻ ചെയ്യും. ഇനി ഇരുപത് ദിവസത്തെ ചിത്രീകരണമാണ് ഉണ്ടയ്ക്ക് അവശേഷിക്കുന്നത്. വയനാട്, മൈസൂർ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലാണ് ചിത്രീകരണം.