ന്യൂഡൽഹി: ഡൽഹി കരോൾ ബാഗിലെ അർപ്പിത് പാലസ് ഹോട്ടലിൽ വൻ തീപിടിത്തം. അപകടത്തിൽ ഒമ്പതു പേർ മരിച്ചതായാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. മലയാളി കുടുംബവും അകപ്പെട്ടിട്ടുള്ളതായി സൂചനയുണ്ട്. മരിച്ചവരിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടുന്നു.
ഇന്ന് പുലർച്ചെ നാലരയോടെയാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 26 ഓളം അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുടുങ്ങിയവരിൽ 35 പേരെ രക്ഷപെടുത്തി. അറുപതോളം പേരാണ് തീപിടിക്കുമ്പോൾ ഹോട്ടലിലുണ്ടായിരുന്നത്. പൊള്ളലേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്.
ഹോട്ടലിന്റെ നാലാം നിലയിലാണ് തീ ആദ്യം കണ്ടതെന്ന് ഡൽഹി അഗ്നിശമസേന ഡയറക്‌ടർ ജി.സി.മിശ്ര പറഞ്ഞു. രണ്ടാം നിലവരെയും തീ പടർന്നിരുന്നു. രാവിലെ ഏഴു മണിവരെയും ഹോട്ടലിന്റെ മുകളിലെ നിലയിൽനിന്നും കനത്ത പുകയും തീയും ഉയർന്നിരുന്നു. തീ പൂർണമായും അണച്ചതായി അഗ്നിശമനസേനാ അധികൃതർ അറിയിച്ചു.