pp-mukundan

തിരുവനന്തപുരം: നാമജപക്കാരുടെ വോട്ട് കണ്ട് ജയിക്കാമെന്ന് കേരളത്തിലെ ബി.ജെ.പിക്കാർ കരുതണ്ടെന്ന് മുൻ ജനറൽ സെക്രട്ടറി പി.പി മുകുന്ദൻ. നാമജപയാത്രയിൽ പങ്കെടുത്തവരിൽ കമ്മ്യൂണിസി‌റ്രുകാരും കോൺഗ്രസുകാരുമുണ്ട്. ഹിന്ദുക്കളല്ലാത്തവരും കണ്ടേക്കാം. അവരുടെയെല്ലാം വോട്ട് പെട്ടിയിൽ വീഴുമെന്ന് നേതാക്കൾ കണക്കു കൂട്ടരുതെന്നും മുകുന്ദൻ വിമർശിച്ചു.

പാർട്ടി ഒതുക്കി മൂലയ്‌ക്കിരുത്തിയ യഥാർത്ഥ പ്രവർത്തകർ കേരളത്തിലെമ്പാടുമുണ്ട്. അവരുടെ മനസറിഞ്ഞ് മടക്കി കൊണ്ടുവരാൻ നേതൃത്വം ശ്രമിക്കുന്നില്ല. പാർട്ടിയുടെ പുനക്രമീകരണത്തിന് ഏറ്റവും യോജിച്ച സമയമാണിതെന്നും മുകുന്ദൻ കൂട്ടിച്ചേർത്തു.

താൻ തിരുവനന്തപുരത്ത് മത്സരിക്കാൻ തീരുമാനിച്ചത് തന്നെ പിന്തുണയ്‌ക്കുന്ന സംഘടനകളുടെ തീരുമാനപ്രകാരമാണ്. ചില സംസ്ഥാന നേതാക്കളുടെ പ്രസ്‌താവനകൾ വിശ്വാസ്യത നഷ്‌ടപ്പെടുത്തുന്നതാണ്. തന്ത്രിയുമായി സംസാരിച്ചു എന്നാദ്യം പറഞ്ഞു, പിന്നീടത് തിരുത്തി. വിശ്വാസ്യത നഷ്‌ടമായ നേതൃത്വം അത് വീണ്ടെടുക്കേണ്ടത് ആവശ്യമാണെന്നും മുകുന്ദൻ വ്യക്തമാക്കി.