പത്തനംതിട്ട: കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വെെകിട്ട് അഞ്ചിന് തുറക്കും. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് ശബരിമലയിലൊരുക്കിയിരിക്കുന്നത്. ദർശനത്തിന് യുവതികളെത്തിയാൽ പ്രതിരോധിക്കാൻ സംഘപരിവാർ പ്രവർത്തകർ സന്നിധാനത്തെത്തുമെന്നും സൂചനയുണ്ട്. സമരം തുടരുമെന്ന് ബി.ജെ.പി നേതാക്കളും വ്യക്തമാക്കി. തീർത്ഥാടന കാലത്തെപ്പോലെ പമ്പ മുതൽ സന്നിധാനം വരെ നാമജപവുമായി പ്രതിഷേധക്കാർ തമ്പടിക്കുമെന്നാണ് സൂചന.എന്നാൽ, പ്രതിഷേധക്കാരെത്തുമെന്ന വിവരത്തെ തുടർന്ന് ഇന്ന് മുതൽ നട അടയ്‌ക്കുന്ന 17ന് രാത്രി വരെ ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ഡി.വൈ.എസ്.പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
അതേസമയം, നട തുറന്ന് കഴിഞ്ഞ് സംഘർഷ സാധ്യത കണക്കിലെടുത്ത് മാത്രം നിരോധനാജ്ഞ മതിയെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹർജികളിൽ സുപ്രീകോടതി വിധി പറയാൻ മാറ്റിയ സാഹചര്യം നിലനിൽക്കുമ്പോഴാണ് ഇന്ന് നട തുറക്കുന്നത്. ദർശനം നടത്താൻ യുവതികൾ വീണ്ടുമെത്തുമെന്ന് ഫേസ്ബുക്ക് കൂട്ടായ്മ അറിയിച്ച സാഹചര്യത്തിൽ പ്രതിഷേധമുണ്ടാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
ശബരിമലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തുമെന്നും യുവതികളെത്തിയാൽ സംരക്ഷണം നൽകുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഭക്തരുടെ സ്വകാര്യ വാഹനങ്ങൾ നിലയ്‌ക്കലിൽ പാർക്ക് ചെയ്യണം. ഇന്ന് രാവിലെ പത്തിനു ശേഷം കെ.എസ്.ആർ.ടി.സി ബസുകളിൽ മാത്രമേ ഭക്തരെയും മാദ്ധ്യമങ്ങളെയും പമ്പയിലേക്കും വിടുകയുള്ളൂ. എ.ഡി.ജി.പിമാരായ അനിൽകാന്തിനും അനന്തകൃഷ്ണനുമാണ് സുരക്ഷാ ചുമതല. ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ മൂവായിരം പൊലീസുകാരെ വിന്യസിക്കും.