modi-vs-rahul

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ലോക നേതാക്കളെ ട്വിറ്ററിൽ പിന്തുടരുന്നവരിൽ ഏറെയും വ്യാജന്മാരാണെന്നും ഇത്തരത്തിലുള്ള അക്കൗണ്ടുകൾ റിമൂവ് ചെയ്യുമെന്നും അടുത്തിടെ ട്വിറ്റർ ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ നവംബറിൽ കമ്പനി നടത്തിയ പരിശോധനയിൽ തന്റെ ഫോളോവർമാരിൽ നിന്നും ഒരുലക്ഷത്തോളം പേരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് നഷ്‌ടമായി. കഴിഞ്ഞ ജൂലായിൽ നടത്തിയ സമാന പരിശോധനയിൽ ഏതാണ്ട് മൂന്ന് ലക്ഷത്തോളം ഫോളോവർമാരെ നഷ്‌ടപ്പെട്ടത് കൂടി ചേർക്കുമ്പോൾ ഏതാണ്ട് നാല് ലക്ഷം വ്യാജ അക്കൗണ്ടുകളാണ് മോദിയുടെ ഫോളോവർ പട്ടികയിൽ നിന്നും ഇല്ലാതായത്. അതേസമയം, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഏതാണ്ട് ഇരുപതിനായിരത്തോളം ഫോളോവർമാരെ ഇത്തരത്തിൽ നഷ്‌ടമായതായും ഒരു ദേശീയ മാദ്ധ്യമത്തിൽ വന്ന റിപ്പോർട്ടിൽ പറയുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വ്യാജ വാർത്തകൾ തടയാനും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാതിരിക്കാനും സോഷ്യൽ മീഡിയ വെബ്‌സൈറ്റുകൾ വലിയ രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. വ്യാജ അക്കൗണ്ടുകൾ റിമൂവ് ചെയ്‌തതിലൂടെ ട്വിറ്ററിന് ഏതാണ്ട് 24 ലക്ഷം അക്കൗണ്ടുകൾ നഷ്‌ടമായെന്നാണ് റിപ്പോർട്ട്. ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്‌നോളജിയാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്‌. 2014നും 19നും ഇടയിൽ ഇന്ത്യയിലെ 925 രാഷ്ട്രീയക്കാരുടെ അക്കൗണ്ടുകളാണ് ഇത്തരത്തിൽ പഠന വിധേയമാക്കിയത്. വ്യാജ അക്കൗണ്ട് വേട്ടയിൽ ബി.ജെ.പി നേതാവ് അനുരാഗ് താക്കൂറിനും പാർട്ടി അദ്ധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രി കിരൺ റിജിജു, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ്‌ തുടങ്ങിയവർക്കും ഫോളോവർമാരെ നഷ്‌ടപ്പെട്ടു.

ട്വിറ്റർ ബി.ജെ.പിക്ക് എതിര്?

ബി.ജെ.പി അനുകൂലമായ അക്കൗണ്ടുകളും പോസ്‌റ്റുകളും മാത്രമാണ് ട്വിറ്റർ നിയന്ത്രിക്കുന്നതെന്നും എന്നാൽ ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ളവ പ്രോത്സാഹിപ്പിക്കുന്നതായും ബി.ജെ.പി ആരോപിക്കുന്നു. ഇക്കാര്യം ഉന്നയിച്ച് ട്വിറ്റർ സി.ഇ.ഒ ഹാജരാകണമെന്ന് പാർലമെന്ററി കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചെറിയ സമയത്തിനുള്ളിൽ നോട്ടീസ് നൽകി വിളിച്ചാൽ ഹാജരാകാൻ കഴിയില്ലെന്നാണ് ട്വിറ്ററിന്റെ നിലപാട്. അതേസമയം, ഏതെങ്കിലും പാർട്ടിക്ക് അനുകൂലമായി പ്രവർത്തിക്കുന്നുവെന്ന ആരോപണവും ട്വിറ്റർ നിഷേധിച്ചു. ഒരു രാജ്യത്തും തങ്ങൾ രാഷ്ട്രീയ അജൻഡകൾ വച്ച് പുലർത്താറില്ലെന്നും ട്വിറ്റർ വ്യക്തമാക്കി.