kerala-assembly

തിരുവനന്തപുരം: ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തെച്ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. ടി.വി രാജേഷ് എം.എൽ.എയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി സമർപ്പിച്ച കുറ്റപത്രം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയത്തിന് സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ അനുമതി നിഷേധിച്ചു. ഇതേത്തുടർന്ന് സഭയിൽ സ്‌പീക്കറും, പ്രതിപക്ഷവും തമ്മിൽ ബഹളമായി. പ്രതിഷേധവുമായി സഭാ കവാടത്തിൽ കുത്തിയിരിക്കുകയാണ് അംഗങ്ങൾ. എന്നാൽ, കുറ്റപത്രങ്ങളുടെ പേരിൽ അടിയന്തരപ്രമേയം പരിഗണിക്കുന്ന പതിവില്ലെന്ന് സ്‌പീക്കർ വ്യക്തമാക്കി.

പി.ജയരാജനെയും, ടി.വി രാജേഷ് എം.എൽ.എയും 32, 33 പ്രതികളായാണ് സി.ബി.ഐ. തലശ്ശേരി കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നത്. വർഷങ്ങൾക്ക് മുമ്പുള്ള സംഭവത്തിൽ ചർച്ച വേണ്ട. അടിയന്തരപ്രമേയ നോട്ടീസിൽ കേസിന് സർക്കാരുമായുള്ള ബന്ധം പറയുന്നില്ല. പല നീതിപീഠങ്ങൾക്ക് മുന്നിലും കുറ്റപത്രങ്ങളുണ്ട്. അതിന്റെ പേരിൽ അടിയന്തരപ്രമേയം കൊണ്ടുവരുകയോ പരിഗണിക്കുകയോ ചെയ്യുന്ന കീഴ്‌വഴക്കമില്ലെന്നും സ്‌പീക്കർ പറഞ്ഞു. കൊലക്കുറ്റം ചുമത്തപ്പെട്ട ഒരു എം.എൽ.എ സഭയിലുണ്ടെന്ന് ടി.വി രാജേഷിനെ ചൂണ്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സഭയിൽ അംഗങ്ങളായവർ കൊലപാതക കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടതും, രാഷ്ട്രീയ കൊലക്കേസുകളും അതിന്റെ മറ്റു വശങ്ങളും ചർച്ച ചെയ്യണം എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ആറ് പ്രാവശ്യം മുൻപ്രതിപക്ഷം കോടതി നടപടികൾ അടിയന്തരമായി കൊണ്ടു വന്നിട്ടുണ്ട്. അപ്പോഴും അടിയന്തരപ്രമേയം പരിഗണിച്ചിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. എന്നാൽ,​ അടിയന്തരപ്രമേയത്തിന് അനുമതിയില്ലെന്ന നിലപാടിലാണ് സ്‌പീക്കർ.

ശബരിമല നട ഇന്ന് തുറക്കും: യുവതികളെത്തുമെന്ന് സൂചന, നിരോധനാജ്ഞ ഇല്ല